വേങ്ങര : ആഭരണക്കടയിൽ ആഭരണം വാങ്ങാനെന്ന വ്യാജേന വന്ന് 300 ഗ്രാം വെള്ളി ആഭരണം കവർന്നു.

കഴിഞ്ഞദിവസം രാവിലെ പത്തരയോടെ പുള്ളിശ്ശേരി പറമ്പിൽ അബൂബക്കറിന്റെ ഉടമസ്ഥതയിലുള്ള വേങ്ങര മസ്ജിദ് ബസാറിലെ സഫ ജൂവലറിയിലാണ് മോഷണം നടന്നത്. ഒരേ അളവിലുള്ള രണ്ടു പാദസരങ്ങളാണ് മോഷ്ടാവ് ആവശ്യപ്പെട്ടത്. കാണിച്ചുകൊടുക്കാനായി പുറത്തെടുത്തുവെച്ച ഒരുകെട്ട് പാദസരങ്ങളുടെ മുകളിൽ കൈയിലുള്ള കുടവെച്ച് കുടയോടൊപ്പം ആഭരണങ്ങളും എടുത്താണ് തട്ടിപ്പുനടത്തിയത്. വസ്ത്രക്കടയിൽ കയറിയ കുടുംബത്തെ കൂട്ടി വരാമെന്നുപറഞ്ഞാണ് മോഷ്ടാവ് പുറത്തിറങ്ങിയത്. ഇയാൾ സ്ഥലംവിട്ടശേഷം പുറത്തെടുത്തവ ഷെൽഫിലേക്കു വെക്കുന്നതിനിടെയാണ് ഒരുകെട്ട് വെള്ളി ആഭരണം നഷ്ടപ്പെട്ടതായി ശ്രദ്ധയിൽപ്പെട്ടത്. സി.സി.ടി.വി. ദൃശ്യങ്ങളിൽനിന്നാണ് മോഷണം വ്യക്തമായത്.