ദിലീപ് മുഖർജിഭവൻ ഉദ്ഘാടനംചെയ്തു

മലപ്പുറം : കോവിഡ് കാലത്ത്‌ കേന്ദ്രസർക്കാർ കൊണ്ടുവന്ന നയങ്ങൾ പരിഹാരങ്ങൾക്കു പകരം ബാങ്കിങ് അടക്കമുള്ള തൊഴിൽ മേഖലകളിൽ കടുത്ത പ്രതിസന്ധികളാണ് സൃഷ്ടിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. അശാസ്ത്രീയമായ ബാങ്ക് ലയനങ്ങൾ, വൻകിട കോർപ്പറേറ്റുകളുടെ കിട്ടാക്കടം എഴുതിത്തള്ളിയതടക്കമുള്ള തീരുമാനങ്ങൾ ബാങ്കിങ് മേഖലയെ തകർക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു. കേരള ഗ്രാമീൺബാങ്ക് എംപ്ലോയീസ് യൂണിയന്റെയും ഓഫീസേഴ്‌സ് യൂണിയന്റെയും പുതിയ ആസ്ഥാന മന്ദിരമായ ദിലീപ് മുഖർജി ഭവൻ ഓൺലൈനായി ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം. സി.ഐ.ടി.യു. സംസ്ഥാന ജനറൽ സെക്രട്ടറി എളമരം കരീം, സി.ഐ.ടി.യു. അഖിലേന്ത്യാ സെക്രട്ടറി കെ. ചന്ദ്രൻ പിള്ള, ബിൽഡിങ് സബ് കമ്മിറ്റി കൺവീനർ കെ.എം. മോഹൻകുമാർ, എ.ഐ.ആർ.ആർ.ബി.ഇ.എ. അഖിലേന്ത്യാ പ്രസിഡന്റ് സി. രാജീവൻ, സി.പി.എം. ജില്ലാ സെക്രട്ടറി ഇ.എൻ. മോഹൻദാസ്, ഇ.എം.എസ്. മെമ്മോറിയൽ ഹോസ്പിറ്റൽ എക്സിക്യുട്ടീവ് ഡയറക്ടർ പി.പി. വാസുദേവൻ, സി.ഡബ്ല്യു.എഫ്.ഐ. അഖിലേന്ത്യ ജനറൽ സെക്രട്ടറി വി. ശശികുമാർ, ബെഫി അഖിലേന്ത്യാ പ്രസിഡന്റ് സി.ജെ. നന്ദകുമാർ എന്നിവർ പ്രസംഗിച്ചു.