മലപ്പുറം : മൂന്നാറിലേക്കുള്ള കെ.എസ്.ആർ.ടി.സി.യുടെ കന്നി സർവീസിന് 48 യാത്രക്കാരുമായി തുടക്കം. മലപ്പുറം ഡിപ്പോയിൽനിന്നുള്ള സർവീസ് പി. ഉബൈദുള്ള എം.എൽ.എ. ഫ്ളാഗ് ഓഫ് ചെയ്തു. യാത്രയെ സ്‌നേഹിക്കുന്നവർ കെ.എസ്.ആർ.ടി.സി. ഒരുക്കിയ മൂന്നാർ യാത്രയെ അംഗീകരിച്ചു എന്നതിനുള്ള തെളിവാണ് ബസ് സർവീസ് പ്രഖ്യാപിച്ചതിനുശേഷമുള്ള രജിസ്‌ട്രേഷനെന്ന് എം.എൽ.എ. പറഞ്ഞു.

ഉച്ചയ്ക്ക് 1.45-ന് ആരംഭിച്ച യാത്രാസംഘത്തിന് എട്ടുമണിയോടെ കോതമംഗലം ഡിപ്പോയിൽ സ്വീകരണം നൽകി. മൂന്നാറിൽ സ്ലീപ്പർ ബസിലാണ് യാത്രക്കാർക്കുള്ള താമസസൗകര്യം ഒരുക്കിയിരിക്കുന്നത്. തിരിച്ചുള്ള യാത്രയും ഇതേ ബസിൽതന്നെയായിരിക്കും. ആദ്യയാത്രയിലധികവും കുടുംബത്തോടൊപ്പമുള്ളവരാണെത്തിയത്. ഇതുവരെ 547 പേരാണ് മലപ്പുറത്തുനിന്ന് മൂന്നാറിലേക്ക് പോകാനായി രജിസ്റ്റർ ചെയ്തിട്ടുള്ളത്.

രജിസ്‌ട്രേഷൻ കൂടുന്നതിനാൽ ദിവസവും സർവീസ് നടത്താനാണ് തീരുമാനം. സർവീസ് വിജയകരമായാൽ ഇവിടെനിന്ന് ഗവിയിലേക്കും സർവീസ് ആരംഭിച്ചേക്കും.

കെ.എസ്.ആർ.ടി.സി. ഡിപ്പോയിൽ നടന്ന പരിപാടിയിൽ നഗരസഭാധ്യക്ഷൻ മുജീബ് കാടേരി, സ്ഥിരം സമിതി അധ്യക്ഷൻമാർ, പഞ്ചായത്തംഗങ്ങൾ, കെ.എസ്.ആർ.ടി.സി. സോണൽ എക്‌സിക്യുട്ടീവ് ഡയറക്ടർ കെ.ടി. സെബി, ജില്ലാ ട്രാൻസ്‌പോർട്ട് ഓഫീസർ ജോഷി ജോൺ എന്നിവർ പങ്കെടുത്തു.

യാത്രയുമായി ബന്ധപ്പെട്ട വിവരങ്ങളറിയാൻ 04832734950, mpm@kerala.gov.in (കെ.എസ്.ആർ.ടി.സി. മലപ്പുറം), 0486 5230201, mnr@kerala.gov.in, കെ.എസ്.ആർ.ടി.സി. കൺട്രോൾ റൂം; 0471 2463799, 9447071021 എന്നിവയിൽ ബന്ധപ്പെടാം.