കൊണ്ടോട്ടി : ജോലിചെയ്യുന്ന സ്കൂളിനു സ്വന്തമായി സ്ഥലംവാങ്ങാൻ നാട്ടുകാർ അരയും തലയും മുറുക്കിയിറങ്ങുമ്പോൾ നോക്കിനിൽക്കുന്നതെങ്ങനെ? കഴുത്തിൽക്കിടന്ന രണ്ടുപവന്റെ മാല ഊരിനൽകി പ്രഥമാധ്യാപിക ധനസമാഹരണത്തിനു തുടക്കമിട്ടു. അധ്യാപികയുടെ സദ്പ്രവൃത്തി നാട്ടുകാർക്കും ആവേശമായി.

നൂറ്റാണ്ട് പിന്നിട്ടിട്ടും വാടകക്കെട്ടിടത്തിലെ അസൗകര്യങ്ങളിൽ വീർപ്പുമുട്ടുന്ന നെടിയിരുപ്പ് ജി.എൽ.പി. സ്കൂളിനു ഭൂമി വാങ്ങുന്നതിനുള്ള ശ്രമങ്ങൾക്കാണ് പ്രഥമാധ്യാപികയുടെ ചുമതല വഹിക്കുന്ന വി. ബിന്ദു സ്വർണമാല നൽകി തുടക്കമിട്ടത്. 1914-ൽ പ്രവർത്തനം തുടങ്ങിയ സ്കൂളിന്റെ കെട്ടിടം പഴകി ജീർണിച്ചിട്ടു വർഷങ്ങളായി. പ്രീ പ്രൈമറിയും ഒന്നുമുതൽ അഞ്ചുവരെ ക്ലാസുകളുമുള്ള സ്‌കൂളിൽ 237 വിദ്യാർഥികളും ഏഴ് അധ്യാപകരുമുണ്ട്.

മുഴുവൻ വിദ്യാർഥികളെയും ഉൾക്കൊള്ളാനുള്ള സൗകര്യം സ്കൂളിനില്ല. വാടകക്കെട്ടിടത്തിലായതിനാൽ സർക്കാർ സഹായവും കിട്ടില്ല. ശൗചാലയമടക്കമുള്ള സൗകര്യങ്ങൾ നാട്ടുകാരും അധ്യാപകരും ചേർന്നാണ് ഒരുക്കിയത്. നാട്ടിലെ പാവപ്പെട്ട കുട്ടികൾ പഠിക്കുന്ന സ്കൂളിൽ ആധുനിക രീതിയിൽ മെച്ചപ്പെട്ട സൗകര്യങ്ങളുണ്ടാകണമെന്ന് എല്ലാവർക്കും ആഗ്രഹമുണ്ട്. സ്ഥലലഭ്യതായിരുന്നു പ്രശ്‌നം.

ദേശീയപാതയോരത്തു സ്കൂൾ പ്രവർത്തിക്കുന്ന ഭൂമി വിലയ്ക്കുകൈമാറാൻ മാനേജർ തയ്യാറാണ്. 15 സെന്റ് സൗജന്യമായും 50 സെന്റ് വിപണിവിലയിൽ കുറച്ചും നൽകാമെന്നു വാഗ്ദാനം ചെയ്തിട്ടുണ്ട്. 65 സെന്റ് ഭൂമി കിട്ടിയാൽ സ്കൂളിന് സ്വന്തമായി കെട്ടിടവും മറ്റു സൗകര്യങ്ങളുമുണ്ടാക്കാനാകും.

ഈ സാഹചര്യത്തിലാണ് കഴിഞ്ഞദിവസം ജനകീയ വികസനസമിതി രൂപവത്കരിച്ചത്. ധനശേഖരത്തിനു സ്വർണമാല നൽകിയ കോഴിക്കോട് പാലാഴി സ്വദേശിയായ ബിന്ദു 2008 മുതൽ ഇവിടെ അധ്യാപികയാണ്.

ചെയർമാൻ ദിലീപ് മൊടപ്പിലാശ്ശീരി ഒരു ലക്ഷം രൂപ സംഭാവനചെയ്തു. പ്രമുഖ വ്യക്തികളെയും സ്ഥാപനങ്ങളെയും കണ്ട് തുക സ്വരൂപിക്കാനാണ് കമ്മിറ്റി തീരുമാനം.

ജനകീയ വികസനസമിതി യോഗം നഗരസഭാധ്യക്ഷ സി.ടി. ഫാത്തിമ സുഹ്‌റബി ഉദ്‌ഘാടനം ചെയ്തു. എ. മുഹ്‌യുദ്ദീൻ അലി, അസ്മാബി, റംല കൊടവണ്ടി, ശിഹാബ് കോട്ട, ഉമ്മുകുൽസു, മുഹമ്മദലി കോട്ട, അറമുഖൻ, എ.പി. അഹമ്മദ്, സഹീർ, കെ.എ. മൊയ്തീൻകുട്ടി തുടങ്ങിയവർ പ്രസംഗിച്ചു.