മലപ്പുറം : മലബാർ കലാപകാലത്ത് ഹിന്ദുക്കൾക്കും മുസ്‌ലിങ്ങൾക്കും ഒരുപോലെ അഭയം നൽകിയ ആളായിരുന്നു വാരിയൻകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ അഭിപ്രായപ്പെട്ടു. ജില്ലാ കോൺഗ്രസ് കമ്മിറ്റി നടത്തിയ 'ഡിവൈഡ്‌ ആൻഡ് റൂൾ 1921-2021' ചരിത്രസെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സമരത്തെ ഒറ്റുകൊടുത്തവരാണ് വാരിയൻകുന്നത്തിന്റെ ആക്രമണത്തിന് ഇരയായത്. മലബാറിലെ സാമൂഹിക, സാമ്പത്തിക സ്ഥിതിയും കലാപത്തിന് കാരണമായി. വാരിയൻകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി അടക്കമുള്ള മലബാർ കലാപ നേതാക്കൾ ദേശീയ പ്രസ്ഥാനത്തിന്റെ ഭാഗമായിരുന്നു. കലാപത്തെ മനഃപൂർവ്വം വർഗീയലഹളയാക്കാനാണ് ബ്രിട്ടീഷുകാർ ശ്രമിച്ചത്. മതേതരത്വം ഉയർത്തി രാജ്യത്തെ ഫാസിസ്റ്റ് ശക്തികൾക്കെതിരായ പോരാട്ടവുമായി കോൺഗ്രസ് മുന്നോട്ടുപോകുമെന്നും വി.ഡി. സതീശൻ പറഞ്ഞു.

കോൺഗ്രസ് മുക്തഭാരതം ബി.ജെ.പി. ആഗ്രഹിക്കുമ്പോൾ കോൺഗ്രസ് മുക്ത കേരളമാണ് സി.പി.എം. ആഗ്രഹിക്കുന്നതെന്ന് ഹമീദ് ചേന്ദമംഗല്ലൂർ പറഞ്ഞു. രാജ്യത്ത് കോൺഗ്രസ് നശിച്ചാൽ ബി.ജെ.പി.യുടെ സമഗ്രാധിപത്യമായിരിക്കും ഉണ്ടാകുകയെന്നും അദ്ദേഹം പറഞ്ഞു.

എം.പി. അബ്ദുസ്സമദ് സമദാനി എം.പി., വി.ടി. ബൽറാം, ഡി.സി.സി. അധ്യക്ഷൻ വി.എസ്. ജോയി, അഡ്വ. മോഹനകുറുപ്പ്, പി.പി. ഹംസ എന്നിവർ പ്രസംഗിച്ചു.