മലപ്പുറം : വൃക്കരോഗികൾക്കും കരൾരോഗികൾക്കും ജില്ലാപഞ്ചായത്തിന്റെ നേതൃത്വത്തിൽ പഞ്ചായത്തുകൾ വഴി നടപ്പാക്കുന്ന സഹായപദ്ധതി ഇഴയുന്നു. ചില പഞ്ചായത്തുകൾ പദ്ധതി സമർപ്പിച്ചിട്ടുണ്ടെങ്കിലും തുടങ്ങിയിട്ടില്ല. ചിലർ പദ്ധതിയേ സമർപ്പിച്ചിട്ടില്ല.

ഇതുമൂലം നൂറുകണക്കിന് രോഗികൾക്ക് ഈ സൗകര്യം നഷ്ടമാവുകയാണ്. കോവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട് അവയവം മാറ്റിവെക്കൽ, ഡയാലിസിസ് തുടങ്ങിയവ ചെയ്യുന്നവർക്കായി തദ്ദേശസ്ഥാപനങ്ങൾ മെഡിക്കൽ ഓഫീസർ മുഖേന പദ്ധതി സമർപ്പിക്കണമെന്ന് ആരോഗ്യവകുപ്പിന്റെ ഉത്തരവുണ്ടായിരുന്നു. ഇതുപ്രകാരമാണ് ജില്ലാപഞ്ചായത്ത് പദ്ധതിക്ക് നേതൃത്വം നൽകിയത്. രണ്ടുകോടി രൂപ പദ്ധതിയിലേക്ക് നൽകുകയും ചെയ്തു. തദ്ദേശസ്ഥാപന അധ്യക്ഷരുടെ യോഗത്തിൽ എല്ലാവരോടും പദ്ധതി സമർപ്പിക്കാൻ ആവശ്യപ്പെട്ടതാണ്.

പദ്ധതിയിൽ ഒരു ഡയാലിസിസ് രോഗിക്ക് മാസം നാലു ഡയാലിലിസിന്റെ തുകയായ നാലായിരം രൂപ നൽകും. ഈ തുകയിൽ രണ്ടായിരം രൂപ ജില്ലാപഞ്ചായത്തും ആയിരം പഞ്ചായത്തും ആയിരം ബ്ലോക്ക് പഞ്ചായത്തും വഹിക്കണം. ഇങ്ങനെ ഒരുവർഷം 48,000 രൂപ രോഗിക്ക് ചികിത്സയ്ക്കായി ലഭിക്കും. മിക്ക പഞ്ചായത്തുകളും പദ്ധതി സമർപ്പിച്ചെങ്കിലും നടപ്പാക്കിത്തുടങ്ങിയിട്ടില്ല. ഡി.പി.സി അംഗീകാരംപോലും വാങ്ങിയിട്ടില്ല. നഗരസഭകളിൽ അവരുടേതായ പദ്ധതികൾ നടപ്പാക്കുന്നുണ്ട്.