തേഞ്ഞിപ്പലം : കാലിക്കറ്റ് സർവകലാശാലയ്ക്കുകീഴിൽ പുതുതായി കോളേജുകൾ തുടങ്ങുന്നതിന് ജില്ലാതല സമിതികൾ പരിശോധനയ്ക്കൊരുങ്ങുന്നു. കഴിഞ്ഞ രണ്ട് അധ്യയനവർഷങ്ങളിലും പുതിയ കോളേജുകൾക്കുള്ള അപേക്ഷകൾ പരിഗണിച്ചിരുന്നില്ല. വയനാട്, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശ്ശൂർ ജില്ലകളിലായി 2019-20, 2020-21 വർഷങ്ങളിൽ പുതിയ കോളേജുകൾക്ക് നിരവധി അപേക്ഷകളുണ്ട്.
നിയമപ്രശ്നങ്ങളില്ലെന്ന് കണ്ടെത്തിയ സ്ഥാപനങ്ങളിൽ ജില്ലാതല സമിതികൾ വൈകാതെ പരിശോധന നടത്തും. പുതിയ ബി. വോക്., എം. വോക്. കോഴ്സുകൾക്ക് അപേക്ഷിച്ച കോളേജുകളിൽ പരിശോധന പൂർത്തിയാക്കിയ സമിതി ഇവയ്ക്ക് അംഗീകാരത്തിനായി സർക്കാരിന് ശുപാർശ നൽകാനും തീരുമാനിച്ചിട്ടുണ്ട്. മുപ്പതിലധികം കോഴ്സുകളാണ് തുടങ്ങാനുള്ളത്.
വിദൂര വിദ്യാഭ്യാസ വിഭാഗത്തിലെ താത്കാലിക അധ്യാപകരുടെ ശമ്പളം 28,000 രൂപയിൽനിന്ന് 35,000 രൂപയാക്കാൻ സിൻഡിക്കേറ്റ് സ്ഥിരംസമിതി യോഗം നിർദേശിച്ചു. കോവിഡുകാലത്ത് കലാശാലയ്ക്ക് മുടക്കില്ലാതെ 15 വെബിനാറുകൾ നടത്താൻ ഇവർക്ക് കഴിഞ്ഞു. യുട്യൂബ് ചാനൽ വഴിയുള്ള ക്ലാസ് കൂടുതൽ വിദ്യാർഥികളിലേക്കെത്തിക്കാനായെന്നും യോഗം വിലയിരുത്തി. വിദൂരവിഭാഗം അഞ്ച്, ആറ് സെമസ്റ്റർ ബിരുദ വിദ്യാർഥികളുടെ പഠനക്കുറിപ്പുകളും ഉടൻ വിതരണംചെയ്യും.
കാലിക്കറ്റിലെ പഠനബോർഡുകളിൽ ക്ഷണിതാക്കളായി വ്യവസായ പ്രതിനിധികൾ
തേഞ്ഞിപ്പലം : പഠനബോർഡുകളിൽ വ്യവസായ പ്രതിനിധികളെ പ്രത്യേക ക്ഷണിതാക്കളായി ഉൾപ്പെടുത്താൻ കാലിക്കറ്റ് സർവകലാശാലാ തീരുമാനം.
സർവകലാശാലയുടെ എല്ലാ യു.ജി., പി.ജി. പഠന ബോർഡുകളിലും അനുബന്ധ വ്യവസായ മേഖലയുടെ പ്രതിനിധിയെ ഉൾപ്പെടുത്താനാണ് നിർദേശം നൽകിയിരിക്കുന്നത്. വിദ്യാർഥികളുടെ കോഴ്‌സുകൾ തൊഴിൽ സൗഹൃദമാക്കുന്നതിനുള്ള യു.ജി.സി., നാക് നിർദേശങ്ങൾക്കനുസരിച്ചാണ് ഈ തീരുമാനം. അതത് പഠനബോർഡുകളാണ് വ്യവസായ പ്രതിനിധികളുടെ പേരുകൾ നിർദേശിക്കേണ്ടത്. ഒ.ബി.ഇ. (അനന്തരഫലം അടിസ്ഥാനമാക്കിയുള്ള വിദ്യാഭ്യാസം) പ്രാധാന്യം നൽകുകയാണ് ലക്ഷ്യം.ഇതിന്റെ ഭാഗമായി എല്ലാ കോഴ്‌സുകൾക്കും ഇന്റേൺഷിപ്പും പ്രോജക്ടും നിർബന്ധമാക്കാനും നിർദേശിച്ചിട്ടുണ്ട്.ഫെബ്രുവരിക്കുമുമ്പായി എല്ലാ സിലബസുകളും ഈ പദ്ധതിയിലേക്ക് മാറ്റാനും ഉത്തരവിറങ്ങി. ഇതിനായി പഠനബോർഡ് അംഗങ്ങൾക്ക് പരിശീലനം നൽകും. സർവകലാശാലയിൽ നാഷണൽ അസസ്‌മെന്റ് ആൻഡ് അക്രഡിറ്റേഷൻ പ്രവർത്തനങ്ങളുടെ ഭാഗമായി ആഭ്യന്തര ഗുണനിലാവരം ഉറപ്പാക്കൽ സമിതിയുടെ (ഐ.ക്യു.എ.സി.) നിർദേശപ്രകാരമാണ് തീരുമാനം.