മങ്കട : ബയോഗ്യാസ് ടാങ്കിൽ വീണ് കയറ്റാൻ കഴിയാതിരുന്ന ചോഴിപ്പടി പച്ചാടൻ സജീഷിന്റെ പശുവിനെ അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി.

വെള്ളിയാഴ്ച രാവിലെ പത്തുമണിയോടെയാണ് പശു ടാങ്കിൽ വീണത്. 300 കിലോയിലധികം ഭാരമുള്ള പശുവിനെ രക്ഷപ്പെടുത്താൻ നാട്ടുകാർ ശ്രമിച്ചെങ്കിലും നടന്നില്ല. തുടർന്ന് പെരിന്തൽമണ്ണ അഗ്നിരക്ഷാസേനയെ അറിയിക്കുകയായിരുന്നു.

ഫയർ ആൻഡ് റെസ്‌ക്യൂ ഓഫീസർ അബ്ദുൽഹക്കീം കുഴിയിലിറങ്ങി പശുവിനെ ഹോസ് ഉപയോഗിച്ച് കെട്ടി ഉയർത്തി.

സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ എം.എച്ച്. മുഹമ്മദ് അലിയുടെ നേതൃത്വത്തിൽ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ സുഭാഷ്, സനൂജ്, ഹോംഗാർഡ് ബാബുരാജ്, അശോകൻ, സിവിൽ ഡിഫൻസ് അംഗങ്ങളായ ഷൗക്കത്ത്, റിയാസ്, അൻവർ, അൻവർ മലബാർ എന്നിവർ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു.