വള്ളികുന്നം (ആലപ്പുഴ) : കുത്തേറ്റുമരിച്ച പത്താംക്ളാസ് വിദ്യാർഥി അഭിമന്യുവിന്റെ മൃതദേഹം വെള്ളിയാഴ്ച വീട്ടിൽ എത്തിച്ചപ്പോൾ എല്ലാവരുടെയും അടക്കിപ്പിടിച്ച വിങ്ങലുകൾ അലമുറയായിമാറി. പെൺകുട്ടികളടക്കമുള്ള സഹപാഠികളും മറ്റു കൂട്ടുകാരും നാട്ടുകാരായ സ്ത്രീകളുമെല്ലാം പൊട്ടിക്കരഞ്ഞുകൊണ്ടാണ് അന്ത്യോപചാരം അർപ്പിക്കാനെത്തിയത്.

അഭിമന്യുവിന്റെ സഹോദരൻ അനന്തുവും അച്ഛൻ അമ്പിളികുമാറും ബന്ധുക്കളും പിടിച്ചുനിൽക്കാനാവാതെ പൊട്ടിക്കരഞ്ഞു. വെള്ളിയാഴ്ച ഉച്ചയ്ക്ക് 12.30-ഓടെ വിലാപയാത്രയായാണ് മൃതദേഹം കൊണ്ടുവന്നത്.

സി.പി.എം., ഡി.വൈ.എഫ്.ഐ., എസ്.എഫ്.ഐ. നേതാക്കളും പ്രവർത്തകരുമെല്ലാം മുദ്രാവാക്യംമുഴക്കി വിലാപയാത്രയിലുണ്ടായിരുന്നു. അഭിമന്യുവിന്റെ വീടിനുതൊട്ടടുത്തുള്ള സി.പി.എം. വള്ളികുന്നം കിഴക്ക് ലോക്കൽ കമ്മിറ്റി ഓഫീസ് മുറ്റത്തെ പന്തലിൽ മൃതദേഹം പൊതുദർശനത്തിനുവെച്ചു. നാട്ടുകാരും പാർട്ടി പ്രവർത്തകരും അടക്കമുള്ളവർ അവിടെ അന്ത്യോപചാരം അർപ്പിച്ചു.

പ്രവർത്തകർ പാർട്ടിപ്പതാക പുതപ്പിച്ച് മുദ്രാവാക്യം വിളിച്ചു. അരമണിക്കൂറിനുശേഷം വീട്ടിലേക്ക്‌ മൃതദേഹം കൊണ്ടുവന്നു. രണ്ടുമണിയോടെ മൃതദേഹം ചിതയിലേക്കെടുത്തപ്പോൾ പാർട്ടി പ്രർത്തകർ മുദ്രാവാക്യം വിളിയോടെ വിടനൽകി.