ഉള്ളതുകൊണ്ട് തൃപ്തിപ്പെടുകആഗ്രഹങ്ങൾ വർധിക്കുന്നു. ചൂഷണങ്ങളും മോഷണങ്ങളും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ സർവോപരി പെരുകുകയാണ്. മനുഷ്യൻ വിദ്യാഭ്യാസപരമായി ഉയരുമ്പോഴും സംസ്കാരരഹിതമായ ശീലങ്ങളിൽ കൂടുതൽ അഭിരമിക്കുന്നത് എന്തുകൊണ്ടാണ്? കൂടുതൽ പണം കിട്ടണം. മറ്റുള്ളവരെക്കാൾ വലുതാകണം. ഈ ചിന്തകൾക്ക് ചികിത്സയുണ്ടെങ്കിൽ വിഷയം പരിഹരിക്കാം.

മതങ്ങളും ആത്മീയദർശനങ്ങളും, മിതത്വവും ലാളിത്യവുമാണ് ഉപദേശിക്കുന്നത്. എല്ലാം അറിയുന്നവനും കേൾക്കുന്നവനും സൃഷ്ടികൾക്ക് വേണ്ടത് അപ്പപ്പോൾ അനുവദിച്ചുനൽകുന്നവനുമായ സ്രഷ്ടാവിനെ അനുസരിക്കാനും അനീതി പ്രവർത്തിക്കാതെ അച്ചടക്കത്തോടെ ജീവിക്കാനും തയ്യാറുണ്ടെങ്കിൽ മറ്റുള്ളവരുടെ സ്വത്തും അഭിമാനവും കളങ്കപ്പെടുത്താൻ ധൈര്യം വരില്ല. സ്വന്തത്തെയും മറ്റുള്ളവരെയും കുറിച്ച്‌ ചിന്തിക്കാനും എല്ലാവരെയും ഒരുപോലെ കാണാനും സാധിക്കുന്നതിന്‌ മനുഷ്യനെ പ്രാപ്തമാക്കുകയാണ് റംസാൻ ചെയ്യുന്നത്.

വിശപ്പും ദാഹവും എനിക്കുമാത്രമല്ല, അയൽക്കാരനും എന്റെ മാനസികാവസ്ഥയിലാണ്. എല്ലാവർക്കും വേണ്ടത് ലഭ്യമാക്കണം. അതിനുവേണ്ടി യത്നിക്കണം. വ്രതവും സകാത്തും ദാനധർമങ്ങളും മനസ്സിന്റെ ശുദ്ധീകരണത്തിനുള്ള ഏറ്റവുംനല്ല വഴിയാണ്. ആഗ്രഹങ്ങൾ കുറയ്ക്കുക. അത് തന്റെ സുഹൃത്തിനും കിട്ടുന്നുണ്ടോ എന്നുകൂടി അന്വേഷിക്കുക. അവസരങ്ങൾ മറ്റുള്ളവർക്കുവേണ്ടി ഉപയോഗിക്കാൻ ആഗ്രഹിക്കുക.

മതാചാര തത്ത്വശാസ്ത്രങ്ങൾ നമ്മെ നയിക്കേണ്ടത്, നമ്മുടെ സൗഖ്യത്തിനോടൊപ്പം അപരന്റെയും ഗുണത്തിനാകണം. മുഹമ്മദ് നബി (സ്വ) പഠിപ്പിച്ചു; ‘നിങ്ങളെക്കാൾ താഴ്ന്നവരിലേക്കു നോക്കൂ, നിങ്ങളെക്കാൾ -സമ്പത്തു കൊണ്ടോ സൃഷ്ടിപ്പു കൊണ്ടോ ഉന്നതനായവനിലേക്കല്ല’. അപ്പോൾ നമുക്ക് അല്ലാഹു നൽകിയ അനുഗ്രഹത്തിന്റെ വലുപ്പം ബോധ്യപ്പെടും. ഉള്ളതുകൊണ്ട് തൃപ്തിപ്പെട്ടു ജീവിക്കാനും നമുക്കുള്ളതിൽനിന്ന് മറ്റുള്ളവന് പങ്കുവെക്കാനും റംസാൻ നിദാനമാകണം.

ഇസ്‌ലാമികവിശ്വാസത്തിലെ പ്രധാനപ്പെട്ട സങ്കല്പമാണ് ഖനാഅത്, അഥവാ അല്ലാഹു നമുക്ക് നൽകിയതിൽ പൂർണതൃപ്തരാവുക. ആ അനുഗ്രഹങ്ങൾക്ക് നന്ദിപറയുക. അങ്ങനെയുള്ള വിശ്വാസികൾക്ക് നിശ്ചയമായും അല്ലാഹുവിന്റെ തുണയുണ്ടാകും. പ്രയാസകരമായ സന്ദർഭങ്ങൾ ജീവിതത്തിൽ വന്നേക്കാം. എളുപ്പവും ബുദ്ധിമുട്ടും കലർന്നതാണ് ജീവിതമെന്നു നബി (സ്വ) പഠിപ്പിക്കുന്നു. നമുക്ക് അല്ലാഹു സമൃദ്ധി തന്നാലും അതിനു ഹൃദയം തുറന്ന്‌ നന്ദിപ്രകടിപ്പിക്കണം. അപ്പോഴേ വിശ്വാസം കാപട്യമുക്തമാകൂ.

കൂടുതൽ ധനമുള്ള ആളല്ല സമ്പന്നൻ. മറിച്ച്‌, സമ്പന്നമായ ഹൃദയമുള്ളവനാണ്. സമ്പന്നമായ ഹൃദയം കൈവരാൻ വേണ്ടത് ഭക്തിയാലുള്ള ജീവിതമാണ്. ഈ ലോകത്തെ സമ്പത്തിന്റെ നൈമിഷികതയെപ്പറ്റിയുള്ള ബോധ്യമാണ്. പരമമായ സമ്പത്തും ഗുണവും ലഭിക്കുക, അല്ലാഹു ഇഷ്ടപ്പെട്ട പ്രകാരം മാത്രമായി നമ്മുടെ ജീവിതവ്യവഹാരം മാറുമ്പോഴാണ്. ധാരാളം സമ്പത്തുണ്ടാകുമ്പോഴും ഉദാരമായി പാവങ്ങളെ സഹായിക്കുന്നവരെ കണ്ടിട്ടില്ലേ. പലരും അദൃശ്യമായിട്ടാകും അതുചെയ്യുക. അങ്ങനെയാണ് ഉത്തമവും.