നിലമ്പൂർ : ചാലിയാറിലും മുണ്ടേരിയിലും കൃഷിയിടങ്ങളിൽ വീണ്ടും കാട്ടാനകളുടെ വിളയാട്ടം. ചാലിയാർ പഞ്ചായത്തിലെ അത്തിക്കാട് കോളനിക്ക് സമീപമുള്ള കളപ്പുരയ്ക്കൽ ജോർജിന്റെ കൃഷിയിടത്തിൽ 200-ഓളം കുലച്ച നേന്ത്രവാഴകളും 100-ഓളം കമുകുകളും നശിപ്പിച്ചു.

വെള്ളിയാഴ്ച പുലർച്ചെ കൃഷിയിടത്തിൽ സ്ഥാപിച്ചിരുന്ന വേലി പൊളിച്ചാണ് കാട്ടാനകൾ കൃഷിയിടത്തിൽ കയറിയതെന്ന് ജോർജ് പറഞ്ഞു. ബാങ്ക് വായ്പ എടുത്തും വ്യക്തികളിൽനിന്ന് വായ്പ എടുത്തുമാണ് നേന്ത്രവാഴകൃഷി നടത്തുന്നത്. 80,000 രൂപ ചെലവഴിച്ച് കൃഷിയിടത്തിനുചുറ്റും കെട്ടിയ വേലിയാണ് തകർത്തത്.

രണ്ടു വർഷം പ്രായമുള്ള കമുകുകളും ആനക്കൂട്ടം പിഴുതെറിഞ്ഞു. അകമ്പാടം ഫോറസ്റ്റ് സ്റ്റേഷനിലെ സെക്ഷൻ ഫോറസ്റ്റ് ഓഫീസർ പി.എൻ. നിഥിൻ, ബീറ്റ് ഫോറസ്റ്റ് ഓഫീസർ സാജൻ ജോസഫ് എന്നിവർ കൃഷിയിടം സന്ദർശിച്ചു.

150-ലേറെ കുലച്ച നേന്ത്രവാഴകൾ ഉൾപ്പെടെ കൃഷി നശിച്ചിട്ടുണ്ടെന്നും നഷ്ടം കണക്കാക്കി അടിയന്തരമായി ധനസഹായം നൽകുമെന്നും വനപാലകർ പറഞ്ഞു. ഏകദേശം ഒരുലക്ഷം രൂപയുടെ കാർഷികവിളകളാണ് കാട്ടാനക്കൂട്ടം ഒറ്റരാത്രി കൊണ്ട് നശിപ്പിച്ചത്.

മുണ്ടേരി കമ്പിപ്പാലത്ത് പാട്ടകൃഷി നടത്തുന്ന അണ്ണാരത്തൊടിക മമ്മീസയുടെ കൃഷിയിടത്തിലെ കുലച്ച എണ്ണൂറോളം നേന്ത്രവാഴകളും മൂന്നു വർഷം പ്രായമായ കമുകിൻതൈകളുമാണ് നശിപ്പിച്ചത്. ചെമ്പ്ര, മാളകം ഭാഗങ്ങളിൽനിന്ന് എത്തുന്ന ആനക്കൂട്ടം മുണ്ടേരി-പാലുണ്ട റോഡ് മുറിച്ചുകടന്നാണ് കൃഷിയിടത്തിലിറങ്ങിയത്.

വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പോത്തുകൽ സെക്ഷൻ ഫോറസ്റ്റ് ഓഫീസർ കെ.ആർ. രാജേഷിനെ നാട്ടുകാർ തടഞ്ഞുവെച്ച് തങ്ങളുടെ പ്രതിഷേധം അറിയിച്ചു.

ഏതാനും ദിവസങ്ങളായി ആറെണ്ണമടങ്ങുന്ന കാട്ടാനക്കൂട്ടം പ്രദേശത്ത് ഭീതി പരത്തുകയാണെന്ന് നാട്ടുകാർ പറഞ്ഞു. അർഹമായ നഷ്ടപരിഹാരം നൽകുമെന്നും വെള്ളിയാഴ്ച മുതൽ വനപാലകർ രാത്രികാല പട്രോളിങ് നടത്തുമെന്നും സെക്ഷൻ ഫോറസ്റ്റ് ഓഫീസർ ഉറപ്പുനൽകിയതോടെയാണ് പ്രതിഷേധം അയഞ്ഞത്.