മലപ്പുറം : മറാത്താ ലൈറ്റ് ഇൻഫെൻട്രി റെജിമെന്റിന്റെ നായകനായി ഒരു മലയാളി. പരപ്പനങ്ങാടിക്കാരനായ മേജർ ജനറൽ കെ. നാരായണനാണ് കഴിഞ്ഞദിവസം മറാത്താ റെജിമെന്റിന്റെ കേണലായി ചുമതലയേറ്റത്.

പരപ്പനങ്ങാടി കൊടപ്പാളിയിൽ ‘വൃന്ദാവ’നിൽ വി.എസ്. കൃഷ്ണന്റെയും വസന്തയുടെയും ഇളയമകനായ നാരായണൻ കഴക്കൂട്ടം സൈനിക സ്‌കൂളിലാണ് പഠിച്ചത്. 1982-ൽ പാസായ അദ്ദേഹം 1985-ൽ മറാത്താ റെജിമെന്റിൽ ചേർന്നു. സൈനികരംഗത്ത് മലയാളികൾക്ക് അഭിമാനിക്കാവുന്ന മറ്റൊരു പ്രത്യേകതകൂടി നാരായണനുണ്ട്. പ്രതിരോധവകുപ്പിൽ ആദ്യമായി ഈ വർഷമാണ് സൈനികോദ്യോഗസ്ഥരെ ജോയിന്റ് സെക്രട്ടറിമാരാക്കിയത്. അങ്ങനെയുള്ള രണ്ടു ജോയിന്റ് സെക്രട്ടറിമാരിൽ ഒരാളാണിദ്ദേഹം.

56-കാരനായ നാരായണന്റെ പുതിയ സ്ഥാനലബ്ധിക്കുമുണ്ട് ഒരു പ്രത്യേകത. സാധാരണ ഈ സ്ഥാനത്തേക്ക് മുതിർന്ന ഉദ്യോഗസ്ഥരിൽനിന്ന് തിരഞ്ഞെടുപ്പ്‌ വഴിയാണ് നിയമിക്കുക. എന്നാൽ ഇത്തവണ മറ്റ് ഉദ്യോഗസ്ഥരെല്ലാം നാരായണനുവേണ്ടി സ്വയം പിൻമാറി. ഇന്നത്തെ സാഹചര്യത്തിൽ റെജിമെന്റിനെ നയിക്കാൻ നാരായണൻതന്നെയാണ് ഏറ്റവും യോഗ്യൻ എന്നായിരുന്നു അവരുടെ നിലപാട്. റെജിമെന്റിനെ സ്വന്തം കുടുംബംപോലെയാണ് അദ്ദേഹം കാണുന്നതെന്ന് സഹപ്രവർത്തകർ പറയുന്നു. ആത്മാർത്ഥത, നേതൃപാടവം, കൃത്യനിഷ്ഠ തുടങ്ങിയവയിൽ നാരായണൻ ഒരു മാതൃകയാണെന്നാണ് അവരുടെ അഭിപ്രായം. ഒരു സസ്യാഹാരിയായി സൈന്യത്തിൽ തുടരുന്നതിലെ കൗതുകവും അവർ പങ്കുവെയ്ക്കുന്നു.

2019-ൽ സേനാമെഡലും 2021-ൽ അതിവിശിഷ്ട സേനാമെഡലും നേടിയ നാരായണന്റെ ജ്യേഷ്ഠൻ കെ. രമേഷും സൈനിക സ്‌കൂളിലാണ് പഠിച്ചിരുന്നത്. അദ്ദേഹമിപ്പോൾ മാലി ദ്വീപിലെ ചീഫ് ക്രെഡിറ്റ് ഓഫീസറാണ്. രേവതി നാരായണനാണ് മേജർ ജനറൽ നാരായണന്റെ ഭാര്യ. മകൾ രോഹിണി നിയമബിരുദധാരിയാണ്.