അങ്ങാടിപ്പുറം : ക്ഷേത്രങ്ങളിൽ മഹാനവമിയും വിജയദശമിയും ആഘോഷിച്ചു. തളി മഹാദേവ ക്ഷേത്രം, മുതുവറ മഹാവിഷ്ണുക്ഷേത്രം, മാണിക്യപുരം അയ്യപ്പക്ഷേത്രം, മാണിക്യപുരം വിഷ്ണുക്ഷേത്രം, ഇടത്തുപുറം ശ്രീകൃഷ്ണക്ഷേത്രം, റാവറമണ്ണ ശിവക്ഷേത്രം, ആൽക്കൽമണ്ണ ധന്വന്തരി ക്ഷേത്രം, പാലക്കോട് ശിവക്ഷേത്രം, മീൻകുളത്തിക്കാവ് ക്ഷേത്രം എന്നിവിടങ്ങളിൽ കോവിഡ് നിയന്ത്രണങ്ങളോടെ സരസ്വതിപൂജയും പുസ്തകപൂജയും വിദ്യാരംഭവും നടന്നു. തളി മഹാദേവ ക്ഷേത്രത്തിൽ വ്യാഴാഴ്ച വൈകുന്നേരം ആറിന് സാമ്പ്രദായിക ഭജനയും ആൽക്കൽമണ്ണ ക്ഷേത്രത്തിൽ വിജയദശമിദിവസം വൈകീട്ട് ആറിന് കൃഷ്ണസാരംഗി ഓർക്കസ്ട്ര അവതരിപ്പിച്ച ഭക്തിഗാനമേളയുമായിരുന്നു വിശേഷാൽ പരിപാടി. മീൻകുളത്തിക്കാവിൽ വെള്ളിയാഴ്ച രാവിലെ ഭരദ്വാജ് സുബ്രഹ്മണ്യത്തിന്റെ സംഗീതക്കച്ചേരിയും വൈകുന്നേരം ഏഴിന് തിരുവാതിരക്കളിയും നവരാത്രി ആഘോഷത്തിന്റെ ഭാഗമായി നടന്നു.

വളാഞ്ചേരി : വളാഞ്ചേരിയിലും പരിസരങ്ങളിലുമുള്ള ക്ഷേത്രങ്ങളിൽ ഒട്ടേറെ കുട്ടികൾ ആദ്യാക്ഷരമെഴുതി. കാടാമ്പുഴ ഭഗവതീക്ഷേത്രത്തിൽ ഗ്രന്ഥപൂജ നടന്നു. പുതുമന മഠം ഹരി എമ്പ്രാന്തിരിയുടെ നേതൃത്വത്തിലായിരുന്നു പൂജ.

വൈക്കത്തൂർ മഹാദേവ ക്ഷേത്രത്തിൽ കവയിത്രി രാധാമണി ഐങ്കലത്ത് കുരുന്നുകൾക്ക് ഹരിശ്രീ കുറിച്ചു. തൊഴുവാനൂർ പടിഞ്ഞാക്കര വള്ളിക്കാവ് മഹാക്ഷേത്രത്തിൽ മേൽശാന്തി കീഴ്മന ഇല്ലത്ത് ഉണ്ണികൃഷ്ണൻ എമ്പ്രാന്തിരിയുടെ കാർമികത്വത്തിൽ പുസ്തകപൂജ, വാഹനപൂജ, വിശേഷാൽ സരസ്വതീപൂജ എന്നിവ നടന്നു. അധ്യാപിക പീറയിൽ രാധ കുട്ടികളെ എഴുത്തിനിരുത്തി

എടയൂർ പൂക്കാട്ടിയൂർ പാലച്ചുവട്ടിൽ ഭഗവതീക്ഷേത്രത്തിൽ പുതുമന മഠം ഉണ്ണികൃഷ്ണൻ എമ്പ്രാന്തിരി, കെ.പി. അപ്പു എന്നിവരുടെ കാർമികത്വത്തിലായിരുന്നു ചടങ്ങുകൾ. കെ.പി. ഉണ്ണികൃഷ്ണൻ കുട്ടികൾക്ക് ആദ്യാക്ഷരം കുറിച്ചു.

പൂക്കാട്ടിയൂർ മഹാദേവ ക്ഷേത്രത്തിൽ വിശേഷാൽപൂജകൾക്ക് മേൽശാന്തി പുതുമന മഠം ചന്ദ്രൻ എമ്പ്രാന്തിരി മുഖ്യകാർമികത്വം വഹിച്ചു. കുട്ടികൾക്ക് പി.എം. മോഹനൻ ഹരിശ്രീയെഴുതി.

ഇരിമ്പിളിയം പുറമണ്ണൂർ അയ്യപ്പക്ഷേത്രത്തിൽ വിശേഷാൽ ചടങ്ങുകൾക്ക് മേൽശാന്തി തിരുവേഗപ്പുറ ഇല്ലത്ത് ശ്രീഹരി കാർമികത്വം വഹിച്ചു. ആധ്യാത്മിക പ്രഭാഷക പുറമണ്ണൂർ കെ. ശോഭ കുട്ടികളെ എഴുത്തിനിരുത്തി.

വടക്കുമ്പ്രം മഹാദേവ ഗുഹാക്ഷേത്രത്തിലെ സരസ്വതീമണ്ഡപത്തിൽ കുട്ടികളെ മേൽശാന്തി മേപ്പാട്ടില്ലത്ത് ശാസ്തൃശർമൻ ഹരിശ്രീ എഴുതിച്ചു. വടക്കുമ്പ്രം സി.കെ. പാറ നൈതലപ്പുറം ശ്രീധർമശാസ്താക്ഷേത്രത്തിൽ വിശേഷാൽ പൂജകൾ നടന്നു. മേൽശാന്തി മേപ്പാട്ടില്ലത്ത് ശാസ്തൃശർമൻ നേതൃത്വം നൽകി. വാഹനപൂജയ്ക്ക് മേപ്പാട്ടില്ലത്ത് വിഷ്ണുശർമൻ കാർമികത്വം നൽകി.

വലമ്പൂർ : ആദിപരാശക്തി ദുർഗാഭഗവതി ക്ഷേത്രത്തിൽ മഹാഗണപതിഹോം, പുസ്തകപൂജ, വാഹനപൂജ, വിദ്യാരംഭം എന്നിവ നടന്നു. ക്ഷേത്രം തന്ത്രി വി.പി. രഞ്ജിത്, മേൽശാന്തി വി.പി. അരുൺ എന്നിവർ നേതൃത്വം നൽകി.

വളാഞ്ചേരി : കോട്ടപ്പുറം ഭഗവതീക്ഷേത്രത്തിൽ വിജയദശമി ആഘോഷിച്ചു. ക്ഷേത്രം ഊരാളൻ ഉണ്ണികൃഷ്ണൻ കുട്ടികൾക്ക് ആദ്യാക്ഷരം കുറിച്ചു. മേൽശാന്തിയുടെ കാർമികത്വത്തിൽ സരസ്വതീപൂജ, വാഹനപൂജ എന്നിവയും നടന്നു.

കൊളത്തൂർ : ചെമ്മലശ്ശേരി കിളിക്കുന്ന്കാവ് ആലിക്കൽ ഭഗവതീക്ഷേത്രത്തിൽ വിജയദശമിയോടനുബന്ധിച്ച് സരസ്വതിപൂജ, വിദ്യാരംഭം, വാഹനപൂജ, പൂമൂടൽ തുടങ്ങിയവ നടന്നു. രാവിലെ മഹാഗണപതിഹോമത്തോടെ ആരംഭിച്ച ചടങ്ങുകൾക്ക് മേൽശാന്തി കൃഷ്ണമുരാരി ഭട്ട് മുഖ്യകാർമികത്വം വഹിച്ചു. എഴുത്തിനിരുത്തലിന് എം.കെ. കരുണാകരൻ, പരുത്തിയിൽ രാധാകൃഷ്ണൻ തുടങ്ങിയവർ നേതൃത്വം നൽകി.

കൊളത്തൂർ : വയമ്പറ്റ വിഷ്ണുക്ഷേത്രത്തിൽ വിദ്യാരംഭം, വിദ്യാഗോപാല മന്ത്രാർച്ചന, വാഹനപൂജ, സരസ്വതീപൂജ എന്നിവ നടന്നു. ജയകൃഷ്ണൻ കൊളത്തൂർ, കവപ്ര പരമേശ്വരൻ നമ്പൂതിരി, മേൽശാന്തി പ്രവീൺഭട്ട് എന്നിവർ നേതൃത്വം നൽകി.

കൊളത്തൂർ : തെക്കേക്കര രാരിയമംഗലം ശിവക്ഷേത്രത്തിൽ പുതുമനമഠം നാരായണൻ എമ്പ്രാന്തിരി, പുതുമനമഠം പ്രമോദ് എന്നിവരുടെ നേതൃത്വത്തിൽ സരസ്വതീപൂജ, വാഹനപൂജ എന്നിവയും പി.പി. ഹരികൃഷ്ണന്റെ കാർമികത്വത്തിൽ എഴുത്തിനിരുത്തൽ ചടങ്ങും നടന്നു.

പുലാമന്തോൾ : പാലൂർ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ അഷ്ടദ്രവ്യ ഗണപതിഹോമം, വാഹനപൂജ, സരസ്വതീപൂജ, പാലൂർ കളരിയിൽ വിദ്യാരംഭം എന്നിവ നടന്നു. ക്ഷേത്രം ട്രസ്റ്റി പാലൂർ ഉണ്ണിക്കൃഷ്ണപണിക്കർ മുഖ്യകാർമികത്വം വഹിച്ചു.

പുലാമന്തോൾ : പാലൂർ ആലഞ്ചേരി ഭഗവതീക്ഷേത്രത്തിൽ ഗണപതിഹോമം, സരസ്വതീപൂജ, വാഹനപൂജ, പുസ്തകപൂജ, വിദ്യാരംഭം തുടങ്ങിയവ നടന്നു. മേൽശാന്തി എരംതൊടിമന രജിത്ത് നാരായണൻ നമ്പൂതിരി മുഖ്യകാർമികത്വം വഹിച്ചു.

മങ്കട : മക്കരപ്പറമ്പ്‌ കുളത്തറക്കാട് വിഷ്ണുക്ഷേത്രത്തിൽ നൂറോളം വാഹനങ്ങൾ പൂജിച്ചു. ക്ഷേത്രം രക്ഷാധികാരി മങ്കുന്നം കൃഷ്ണൻ നമ്പൂതിരി കുരുന്നുകൾക്ക് ആദ്യാക്ഷരം കുറിച്ചു. പുസ്തകപൂജ, വാഹനപൂജ എന്നിവയ്ക്ക്‌ ക്ഷേത്രം മേൽശാന്തി രാഘേഷ്‌ ദ്വിവേദി ശാസ്ത്രികൾ കാർമികത്വം വഹിച്ചു.

മേലാറ്റൂർ : നവരാത്രി ആഘോഷത്തിന്റെ ഭാഗമായി മേലാറ്റൂർ ആറ്റുതൃക്കോവിൽ ശിവക്ഷേത്രത്തിൽ സരസ്വതിപൂജയ്ക്കുശേഷം പുസ്തകപൂജ, വാഹനപൂജ എന്നിവ നടന്നു. വിദ്യാരംഭത്തിൽ 15 കുട്ടികൾ ആദ്യാക്ഷരം കുറിച്ചു. ക്ഷേത്രം മേൽശാന്തിമാരായ പാലോളി നവീൻ നമ്പൂതിരി, പരുത്തിയിൽ രതീഷ് നമ്പൂതിരി എന്നിവർ പൂജാചടങ്ങുകൾക്ക് കാർമികത്വം വഹിച്ചു.

മേലാറ്റൂർ : പടിഞ്ഞാറേക്കര അയ്യപ്പക്ഷേത്രത്തിൽ വാഹനപൂജ, പുസ്തകപൂജ, വിദ്യാരംഭം എന്നിവയും കീർത്തനാലാപനവും നടന്നു. മേൽശാന്തി അംബരീഷ് പൂജാചടങ്ങുകൾക്ക് മുഖ്യകാർമികത്വം വഹിച്ചു.

രാമപുരം : ശ്രീരാമസ്വാമി ക്ഷേത്രത്തിൽ മേൽശാന്തി ആമയൂർ മേലെപ്പാട്ട് നാരായണൻ ഭട്ടതിരിയുടെ നേതൃത്വത്തിൽ വിജയദശമി ആഘോഷിച്ചു. പുസ്തകപൂജയും വിദ്യാരംഭം കുറിക്കലും നടത്തി. വിദ്യാഗോപാലമന്ത്രാർച്ചന

മങ്കട : വിജയദശമി ആഘോഷത്തിന്റെ ഭാഗമായി രാമപുരം ശ്രീരാമസ്വാമി ക്ഷേത്രത്തിൽ വിദ്യാഗോപാലമന്ത്രാർച്ചന നടത്തി. ക്ഷേത്രസംരക്ഷണ സമിതി ആചാര്യൻ മുരളീധരൻ നറുകരയുടെ നേതൃത്വത്തിൽ നടന്ന പരിപാടിയിൽ ക്ഷേത്രസംരക്ഷണ സമിതി പ്രസിഡന്റ് കെ. രാമകൃഷ്ണൻ അധ്യക്ഷതവഹിച്ചു. സെക്രട്ടറി കെ.കെ. കരുണാകരൻ, കോനൂർ ചന്ദ്രൻ എന്നിവർ പ്രസംഗിച്ചു.

ആലിപ്പറമ്പ് : വാഴേങ്കട നരസിംഹമൂർത്തി ക്ഷേത്രത്തിൽ മൂന്നൂറിലധികം കുട്ടികൾ വിദ്യാരംഭം കുറിച്ചു. രാവിലെ ആറിന് തുടങ്ങിയ ചടങ്ങുകൾ 11-ന് സമാപിച്ചു. രക്ഷിതാക്കൾതന്നെയാണ് ഇത്തവണ വിദ്യാരംഭം നടത്തിയത്. ജയൻ, ജയപ്രകാശ്, അജീഷ്, അജിത് ആനമങ്ങാട് എന്നിവർ നിർദേശങ്ങൾ നൽകി. മേൽശാന്തി മോഹനകൃഷ്ണൻ എമ്പ്രാന്തിരിയുടെ കാർമികത്വത്തിൽ വിശേഷാൽ പൂജകളും നടന്നു.

പട്ടിക്കാട് : തച്ചിങ്ങനാടം നല്ലൂർ കരിങ്കാളികാവ് ക്ഷേത്രത്തിൽ വിദ്യാരംഭം നടന്നു. ക്ഷേത്രംട്രസ്റ്റി നീലകണ്ഠൻ നമ്പൂതിരി, മേൽശാന്തി സുനിൽ എമ്പ്രാന്തിരി, എസ്.വി. മോഹനൻ എന്നിവർ നേതൃത്വംനൽകി.

പട്ടിക്കാട്: വഴങ്ങോട് മഹാദേവക്ഷേത്രത്തിൽ മേൽശാന്തി കരുണൻ ശർമ മുഖ്യകാർമികത്വം വഹിച്ചു. വി. ദുർഗാവതി വിദ്യാരംഭത്തിനു തുടക്കമേകി. ക്ഷേത്ര ഭാരവാഹികളായ പി. രാധാകൃഷ്ണൻ, എം.പി. ശ്രീനിവാസൻ, പി. അനിൽകുമാർ, എം.വി. എസ്. വാരിയർ എന്നിവർ നേതൃത്വംനൽകി.