മലപ്പുറം : എല്ലാവരും ഒറ്റപ്പെട്ടുപോയ കോവിഡ് കാലത്ത് കെ.എസ്.ആർ.ടി.സി. യാത്രയിലൂടെ സൗഹൃദത്തിലായ 45 പേർ. ഒരു വർഷത്തോളം ഒരേ വഴി പോയവർ ഇക്കഴിഞ്ഞയാഴ്ച വഴിയൊന്നു മാറ്റിപ്പിടിച്ചു. കോഴിക്കോട്-മലപ്പുറം കെ.എസ്.ആർ.ടി.സി. ബോണ്ട്-3 സർവീസിന്റെ ഒന്നാം വാർഷികം കക്കയത്തേക്ക് വിനോദയാത്ര നടത്തിയാണ് 45 യാത്രക്കാരും കുടുംബാംഗങ്ങളും ആഘോഷമാക്കിയത്.

കോവിഡ് കാലത്തെ സർക്കാർ ജീവനക്കാരുടെ യാത്രാക്ലേശത്തിന് പരിഹാരമായി മലപ്പുറത്ത് നിന്ന് തുടങ്ങിയ മൂന്ന് ബോണ്ട് ഓൺ ഡിമാൻഡ് സർവീസുകളിലൊന്നാണ് കോഴിക്കോട് റൂട്ടിലേത്. രാവിലെ അഞ്ചുമണിയോടെ മലപ്പുറത്ത് നിന്ന് സാധാരണ സർവീസായാണ് കോഴിക്കോട്ടേക്ക് പോവുക. അവിടെനിന്ന് എട്ടരയ്ക്ക് ബോണ്ട് സർവീസായി മടക്കം. യാത്രക്കാരിലധികവും മലപ്പുറം കളക്ടറേറ്റിലെ വിവിധ വകുപ്പുകളിലെ ജോലിക്കാർ. ഒന്നിച്ചുള്ള ഒന്നരമണിക്കൂർ യാത്ര. തിരിച്ച് കളക്ടറേറ്റ് വളപ്പിൽ നിന്ന് വൈകുന്നേരം മടക്കയാത്ര. ആദ്യമൊക്കെ സാധാരണ കെ.എസ്.ആർ.ടി. യാത്രയുടെ വിരസതയായിരുന്നു. പതുക്കെപ്പതുക്കെ പരസ്പരം അറിഞ്ഞുതുടങ്ങിയതോടെ ആനവണ്ടിയിലെ രസകരമായ സൗഹൃദയാത്രയായി. യാത്രക്കാർ തുടങ്ങിയ വാട്‌സാപ്പ് ഗ്രൂപ്പ് അവധിദിവസങ്ങളിലും സജീവം. പാട്ടും കഥകളുമായി കുടുംബാംഗങ്ങളും പരസ്പരം അടുത്തു. പിറന്നാളുകൾ, വാർഷികങ്ങൾ തുടങ്ങിയ ആഘോഷങ്ങളൊക്കെ ഉല്ലാസയാത്രയിലെ മധുരമുള്ള അനുഭവങ്ങളായി. പിരിമുറുക്കവും മാനസികസമ്മർദ്ദവും കൂടിയ കോവിഡ് കാലത്തെ ജോലിയുടെ മടുപ്പ് മാറ്റിയത് ബോണ്ട് സർവീസിലെ നേരങ്ങളാണെന്ന് യാത്രക്കാർ പറയുന്നു.

അല്പം തുക കൂടുമെങ്കിലും ഉദ്യോഗസ്ഥർക്ക് പ്രിയം ബോണ്ട് സർവീസിലെ യാത്രതന്നെ. നിലവിലുള്ള യാത്രക്കാർക്കുപുറമെ ഒരു വർഷത്തിനിടെ സ്ഥലംമാറിയും വിരമിച്ചും പോയവരെല്ലാം ഒന്നാം വാർഷികത്തിലെ വിനോദയാത്രയിൽ പങ്കാളികളായി. പി. അബ്ദുൾ സലാം, മജീദ്, ശെൽവരാജ് എന്നീ ഡ്രൈവർമാരും സി.ആർ.എസ്. കുട്ടി, ബിന്ദു എന്നീ കണ്ടക്ടർമാരുമാണ് ബോണ്ട്-3യിലെ ജീവനക്കാർ.