പുറത്തൂർ : മഹാകവി വള്ളത്തോൾ നാരായണമേനോന്റെ സന്ദേശം പുതുതലമുറയ്ക്ക് പകർന്നുനൽകാൻ വെബിനാർ പരമ്പരയുമായി വള്ളത്തോൾ കുടുംബകൂട്ടായ്മ. ഒരു വർഷം മുമ്പ് തുടങ്ങിയ പരിപാടി പത്ത് എപ്പിസോഡ് പിന്നിട്ട് മുടക്കമില്ലാതെ തുടരുന്നു.

കഥകളി, മോഹിനിയാട്ടം, ഭരതനാട്യം തുടങ്ങി നൃത്തരൂപങ്ങളും ദേശഭക്തിയും ആയുർവേദവുമെല്ലാം വെബിനാറുകൾക്ക് വിഷയമായി. നടൻ മോഹൻലാൽ ഉൾപ്പെടെയുള്ള പ്രമുഖർ അതിഥികളായി. ഡോ. പി.കെ. വാരിയർ, മല്ലികാ സാരാഭായ്, സി. രാധാകൃഷ്ണൻ, ഇ. ശ്രീധരൻ, വി.പി. ധനഞ്ജയൻ, കെ. ജയകുമാർ, കാവാലം ശ്രീകുമാർ, മേജർ രവി തുടങ്ങിയ പ്രമുഖർ വെബിനാറുകളിൽ സംസാരിച്ചു.

വള്ളത്തോളിന്റെ 143-ാം ജന്മദിനമായ ഒക്ടോബർ 16-ന് ഡോ. വിന്ദുജ മേനോൻ ‘പോരാ പോരാ നാളിൽ നാളിൽ’ എന്നു തുടങ്ങുന്ന ദേശഭക്തിഗാനം മോഹിനിയാട്ടരൂപത്തിൽ അവതരിപ്പിക്കും.

വള്ളത്തോളിന്റെ അനന്തരവനായ തൃശ്ശൂരിൽ താമസിക്കുന്ന രാംദാസ് വള്ളത്തോളാണ് വെബിനാർ പരമ്പര എന്ന ആശയം മുന്നോട്ടുവെച്ചത്. വള്ളത്തോൾ കുടുംബയോഗം ഇതിനായി സമിതി രൂപവത്കരിക്കുകയും മലയാള സർവകലാശാലാ വൈസ് ചാൻസലറും കവിയുടെ മറ്റൊരു അനന്തരവനുമായ ഡോ. അനിൽ വള്ളത്തോൾ, നന്ദകുമാർ വള്ളത്തോൾ, വള്ളത്തോൾ രവീന്ദ്രനാഥ്, ഭരദ്വരാജ് വള്ളത്തോൾ, ഡോ. വിനോദ് വള്ളത്തോൾ എന്നിവർ ചേർന്ന് പ്രവർത്തനങ്ങൾ തുടങ്ങുകയുമായിരുന്നു.