തിരൂർ : എഴുത്തും അറിവുമാണ് ഏറ്റവുംവലിയ സമ്പത്തെന്ന് എം.ടി. വാസുദേവൻ നായർ. വിദ്യാരംഭം ഉത്സവമാക്കാൻ വലിയ ആഗ്രഹമുണ്ടായിരുന്നു. കോവിഡ് ഭീതിയിൽ അതു നടന്നില്ല. കുട്ടികൾ എഴുതിത്തുടങ്ങുന്ന ആഘോഷം കേരളത്തിൽ മാത്രമുള്ളതാണ്. വിദ്യാരംഭദിനത്തിൽ ആദ്യക്ഷരം കുറിച്ച കുട്ടികൾക്കുനൽകിയ വീഡിയോ സന്ദേശത്തിൽ തുഞ്ചൻ സ്മാരക ട്രസ്റ്റ് ചെയർമാൻ കൂടിയായ എം.ടി. പറഞ്ഞു. ഒരു കുട്ടി അറിവിന്റെ ലോകത്തിലേക്കു പതുക്കെപ്പതുക്കെ കടന്നുചെന്ന് ഇന്നല്ലെങ്കിൽ നാളെ അതിൽനിന്ന് പലതും നേടുമെന്നതിന്റെ തുടക്കമായാണ് വിദ്യാരംഭത്തെ കാണുന്നത്. നാവിൽ സ്വർണം കൊണ്ടെഴുതിക്കൽ നിങ്ങളുടെ വാക്കുകൾ സ്വർണമാകട്ടെ, വിലപിടിപ്പുള്ളതാകട്ടെ എന്ന സൂചന കൂടിയാണ്. എഴുത്തച്ഛന്റെ അനുഗ്രഹത്തിനായിട്ടാണ് തുഞ്ചത്തെഴുത്തച്ഛൻ ജനിച്ച മണ്ണിൽ കുട്ടികളെ എഴുത്തിനിരുത്താൻ കൊണ്ടുവരുന്നത്. എല്ലാ കുട്ടികൾക്കും തുഞ്ചത്താചാര്യന്റെ അനുഗ്രഹമുണ്ടാകട്ടെയെന്നും അറിവിന്റെ വലിയ ലോകത്ത് എത്തിപ്പെടട്ടേയെന്നും എം.ടി. പറഞ്ഞു.