എരമംഗലം : കാലവർഷങ്ങളിൽ കടലേറ്റമെത്തുമ്പോൾ ദുരിതംമാത്രം അനുഭവിക്കാൻ വിധിച്ചവരായ മത്സ്യത്തൊഴിലാളി കുടുംബങ്ങൾക്ക് 'തങ്ങളുടെ കുടുംബങ്ങളുടെ സംരക്ഷണം ഉറപ്പുവരുത്തുമെന്ന' പതിവുതെറ്റാതെയുള്ള ജനപ്രതിനിധകളുടെ ഉറപ്പ് ഇത്തവണയും ലഭിച്ചു.

ശനിയാഴ്‌ച കടലോരത്തെത്തിയ ജനപ്രതിനിധികൾ നൽകിയ ഉറപ്പ് അടുത്ത കടലേറ്റമുണ്ടാവുമ്പോഴേക്കും നടപ്പാക്കിയാൽ മതിയെന്ന പ്രാർത്ഥനയാണ് ഞങ്ങൾക്കെന്ന് മത്സ്യത്തൊഴിലാളിയായ വെളിയങ്കോട് പത്തുമുറി സ്വദേശി കുരിക്കളകത്ത് ഹംസ പറയുന്നു.

എല്ലാവർഷവും കടലേറ്റമുണ്ടാവുമ്പോൾ കൂടുതൽ നാശനഷ്ടങ്ങളുണ്ടാവുന്നത് ഹംസയുടെ വീടിനാണ്.

അപ്പോഴെല്ലാം അധികൃതരെത്തി ഉടനെ പരിഹാരം കാണുമെന്ന് പറയുമെങ്കിലും ഹംസ ഇപ്പോഴും അതേവീട്ടിൽത്തന്നെ കടലിനോട് മല്ലിട്ടു കഴിയുകയാണ്.

നിലവിൽ വെളിയങ്കോട് ഫിഷറീസ് സ്‌കൂളിലെ ദുരിതാശ്വാസക്യാമ്പിലാണ് ഹംസയും കുടുംബവും.

പാലപ്പെട്ടി കടപ്പുറം മുഹിയുദ്ദീൻ പള്ളി ഖബർസ്ഥാൻ, അജ്‌മീർ നഗർ, തണ്ണിത്തുറ, പത്തുമുറി, മാട്ടുമ്മൽ എന്നിവിടങ്ങളിൽ നിയുക്ത എം.എൽ.എ. പി. നന്ദകുമാർ, ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് എം.കെ. റഫീഖയുടേയും നോതൃത്വത്തിൽ ജനപ്രതിനിധികൾ സന്ദർശിച്ചത്.

തീരദേശത്ത് സഹായമെത്തിക്കണം- മുസ്‌ലിംലീഗ്

എടപ്പാൾ : പൊന്നാനി, വെളിയങ്കോട്, പാലപ്പെട്ടി മേഖലയിലെ തീരപ്രദേശങ്ങളിൽ ജനങ്ങളുടെ ആശങ്കയകറ്റാനും അടിയന്തര സഹായമെത്തിക്കാനും സർക്കാർ തയ്യാറാകണമെന്ന് പൊന്നാനി നിയോജകമണ്ഡലം മുസ്‌ലിംലീഗ് ഭാരവാഹികളുടെ യോഗം അഭ്യർഥിച്ചു.

അഹമ്മദ് ബാഫഖി തങ്ങൾ അധ്യക്ഷതവഹിച്ചു. അശ്റഫ് കോക്കൂർ, ഷാനവാസ് വട്ടത്തൂർ, പി.പി. ഉമ്മർ, അഡ്വ. വി.ഐ.എം. അശ്റഫ് , വി.വി. ഹമീദ്, ഇ.പി. ഏനു, സി. ഇബ്രാഹിംകുട്ടി, ടി.കെ. അബ്ദുൾ റഷീദ് എന്നിവർ പ്രസംഗിച്ചു.