മലപ്പുറം

: പഠിപ്പൊക്കെ ഉഷാർ. എന്നാൽ പരീക്ഷയുടെ കാര്യമോ? കണക്കുതന്നെ. ഇത് മറികടക്കാൻ മലപ്പുറം ഗവ. കോളേജിലെ മലയാളം അധ്യാപകൻ നിസാർ അഹമ്മദ് ഇന്റേണൽ പരീക്ഷ ഓൺലൈനായി നടത്തുകയാണ്. ആദ്യമൊക്കെ ഓൺലൈൻ പരീക്ഷയിൽ കുട്ടികൾക്ക് ആശങ്ക ഉണ്ടായെങ്കിലും ഇപ്പോൾ നല്ല ആവേശത്തിലാണ് വിദ്യാർഥികൾ പ്രതികരിക്കുന്നത്. തീയതി മറക്കാതിരിക്കാൻ ‘സേവ് ദ ഡേറ്റ്’ മാതൃകയിൽ ടൈംടേബിൾ തയ്യാറാക്കി, അവ വാട്സാപ്പിൽ സ്റ്റാറ്റസുകളാക്കിയാണ് കുട്ടികൾ പരീക്ഷ ഏറ്റെടുക്കുന്നത്. ഇതിനോടകം നാല് പരീക്ഷകൾ വിജയകരമായി നടത്തി.

മലയാളം ലാംഗ്വേജ് കംപ്യൂട്ടിങ്ങിൽ കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽനിന്ന് ഡോക്ടറേറ്റുള്ള നിസാർ ചോദ്യങ്ങൾ മലയാളത്തിൽ തയ്യാറാക്കിയാണ് പരീക്ഷ നടത്തിയത്. മൾട്ടിപ്പിൾ ചോയ്സ് ഉത്തരങ്ങളാണ് നൽകിയത്. ടെലഗ്രാം ആപ്പിൽ കുട്ടികളുടെ ചാനൽ ഉണ്ടാക്കുകയാണ് ആദ്യം ചെയ്തത്. കുട്ടികൾ തന്നെയാണ് പരീക്ഷ എഴുതുന്നതെന്ന് ഉറപ്പാക്കാനാണിത്. ഇതിലേക്ക് പരീക്ഷയ്ക്കുള്ള ലിങ്ക് അയച്ചുനൽകും. നിശ്ചിത സമയത്തിനുള്ളിൽ ചോദ്യങ്ങൾക്ക് ഉത്തരം നൽകണം. ലിങ്ക് ഒരുവട്ടം തുറന്നുകഴിഞ്ഞാൽ മറ്റു പേജുകളിലേക്കോ മറ്റോ കടക്കാൻ ശ്രമിച്ചാൽ അറിയാൻ കഴിയുന്ന രീതിയിലാണ് ഇത് ക്രമീകരിച്ചിരിക്കുന്നത്. അര മണിക്കൂറിനുള്ളിൽ തന്നെ മൂല്യനിർണയവും കഴിയും. സാങ്കേതികപ്രശ്നങ്ങൾമൂലം പരീക്ഷ പൂർത്തിയാക്കാൻ കഴിയാത്തവർക്ക് വീണ്ടും അവസരം നൽകും. കാലിക്കറ്റ് യൂണിവേഴ്സിറ്റിയിലെ പല ഡിപ്പാർട്ട്മെൻ്റുകളും ഇന്റേണൽ പരീക്ഷകൾ ഓൺലൈനായി നടത്തുന്നുണ്ട്.