മലപ്പുറം : പലതിനും ഇളവുകൾ നൽകിയിട്ടും ആരാധനാലയങ്ങൾ തുറക്കില്ലെന്ന മുഖ്യമന്ത്രിയുടെ തീരുമാനം പുനഃപരിശോധിക്കണമെന്ന് എസ്.വൈ.എസ്. ഈസ്റ്റ് ജില്ലാനേതാക്കൾ ആവശ്യപ്പെട്ടു.

രോഗസ്ഥിരീകരണ നിരക്കനുസരിച്ച് ആരാധനാലയങ്ങൾ തുറക്കാനുള്ള അവകാശം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് നൽകാവുന്നതാണ്. വിശ്വാസികൾക്ക് ആരാധനാലയ പ്രവേശനത്തിന് അനുമതി നൽകിയില്ലെങ്കിൽ പ്രത്യക്ഷ സമരപരിപാടികൾക്ക് സംഘടന നേതൃത്വം നൽകുമെന്ന് നേതാക്കൾ മുന്നറിയിപ്പ് നൽകി. പ്രസിഡന്റ് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങൾ, സംസ്ഥാന സെക്രട്ടറി അബ്ദുസ്സമദ് പൂക്കോട്ടൂർ, സലീം എടക്കര, അബ്ദുൽഖാദർ ഫൈസി കുന്നുംപുറം എന്നിവരാണ് പ്രസ്താവനയിറക്കിയത്.