ആനമങ്ങാട് : വള്ളുവനാട്ടിൽ പരിചമുട്ടുകളിയെ പ്രചാരത്തിൽ എത്തിക്കുന്നതിൽ പ്രധാന പങ്കുവഹിച്ച കലാകാരനായിരുന്നു വ്യാഴാഴ്ച അന്തരിച്ച ആനമങ്ങാട്ടെ കാക്കശ്ശേരി അപ്പുക്കുട്ടൻ ആശാൻ.

പരിചമുട്ടുകളിയിലൂടെ ആനമങ്ങാടിന്റെ പേരും പ്രശസ്തിയും ഉയർത്തിയവരായിരുന്നു അപ്പുക്കുട്ടൻ ആശാനും ഉണ്ണിപ്പിണ്ടൻ ആശാനും.

ഒന്നരവർഷംമുമ്പ് ഉണ്ണിപ്പിണ്ടൻ ആശാൻ മരിച്ചു. അപ്പുക്കുട്ടൻ ആശാനും വിടവാങ്ങിയതോടെ പരിചമുട്ടുകളിയെ ജനകീയമാക്കിയ രണ്ടുമുഖങ്ങളെയും നാടിന് നഷ്ടമായി.

ഫോക് ലോർ അക്കാദമി പുരസ്‌കാരം, നെഹ്രു യുവകേന്ദ്രയുടെ ആദരം തുടങ്ങിയവ അപ്പുക്കുട്ടൻ ആശാനെ തേടിയെത്തിയിട്ടുണ്ട്. സംസ്ഥാന സ്‌കൂൾ കലോത്സവത്തിൽ പരിചമുട്ടുകളിയുടെ വിധികർത്താവായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

പരിചമുട്ടുകളിയുടെ തടവും അടവും പകർന്നുനൽകി വലിയൊരു ശിഷ്യഗണത്തെയും അപ്പുക്കുട്ടൻ ആശാൻ വാർത്തെടുത്തിട്ടുണ്ട്.