താനൂർ : ഒരുകാലഘട്ടത്തിൽ കോൺഗ്രസിലെ ഇതിഹാസമായിരുന്നു യു.കെ. ഭാസിയെന്നും ജില്ലയിൽ പാർട്ടി വളർത്താൻ അദ്ദേഹം നിർണായക പങ്കുവഹിച്ചിരുന്നെന്നും കോൺഗ്രസ് നേതാവും മുൻ മന്ത്രിയുമായ ആര്യാടൻ മുഹമ്മദ് പറഞ്ഞു. മുൻ കോൺഗ്രസ് നേതാവ് യു.കെ. ഭാസിയുടെ ഒന്നാം ചരമ വാർഷിക അനുസ്മരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ജനങ്ങൾക്ക് ഒപ്പംനിൽക്കുന്ന അപൂർവം നേതാക്കളിൽപ്പെട്ടയാളായിരുന്നു യു.കെ. ഭാസി. ജന പിന്തുണയുള്ള നേതാവായ ഭാസിയെ കോൺഗ്രസ് പ്രവർത്തകർ മാതൃകയാക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഡി.സി.സി. സെക്രട്ടറി ഒ. രാജൻ അധ്യക്ഷതവഹിച്ചു. യു.കെ. ഭാസിയുടെ ഛായാചിത്രം മുൻ മന്ത്രി കുട്ടി അഹമ്മദ് കുട്ടി അനാച്ഛാദനംചെയ്തു. മംഗലം ഗോപിനാഥ് അനുസ്മരണ പ്രഭാഷണം നടത്തി. മുസ്‌ലിം യൂത്ത്‌ലീഗ് സംസ്ഥാന ജനറൽസെക്രട്ടറി പി.കെ. ഫിറോസ്, ഇ. മുഹമ്മദ് കുഞ്ഞി, വി.എ. കരീം, പി.ടി. അജയ് മോഹൻ, വി. ബാബുരാജ്, കെ.പി. അബ്ദുൽമജീദ്, പി. രത്‌നാകരൻ, വൈ.പി. ലത്തീഫ് എന്നിവർ പ്രസംഗിച്ചു. യു.കെ. ഭാസിയുടെ കുടുംബവും അനുസ്മരണ യോഗത്തിൽ പങ്കെടുത്തു.