എടവണ്ണ : എടവണ്ണ -അരീക്കോട് -കൊയിലാണ്ടി ദേശീയപാതയുടെ നവീകരണ പ്രവൃത്തി യാത്രക്കാരെ പ്രയാസത്തിലാക്കുന്നു. പാതയിലുടനീളം ഓവുപാലങ്ങൾ പാതി പൊളിച്ചുനീക്കിയ നിലയിലാണ്. എടവണ്ണ -അരീക്കോട് ഭാഗങ്ങളിൽ ഒട്ടേറെ സ്ഥലങ്ങളിൽ ഓവുപാലം പൊളിക്കൽ നടക്കുന്നുണ്ട്.

എടവണ്ണ കല്ലിടുമ്പ്, പാലപ്പെറ്റ, പന്നിപ്പാറ, വടശ്ശേരി, വാക്കാലൂർ ഭാഗങ്ങളിലെല്ലാം ഓവുപാലങ്ങൾ പാതി പൊളിച്ചിട്ട നിലയിലാണ്.

കല്ലിടുമ്പിൽ ഒരുമാസത്തോളമായി ഓവുപാലത്തിന്റെ ഒരുഭാഗം പൊളിച്ചുനീക്കിയിട്ട്. മറ്റുപ്രവൃത്തികളൊന്നും നടക്കുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി.

പാതയിലുടനീളം ഗതാഗതക്കുരുക്കും അപകടങ്ങളും പതിവായിരിക്കയാണ്.

വേനൽമഴയിൽ ഇവിടങ്ങളിൽ വെള്ളം നിറഞ്ഞും പാതയിലേക്ക് കല്ലും മണ്ണും ഒലിച്ചിറങ്ങിയും വാഹനാപകടങ്ങളും ഉണ്ടാകുന്നുണ്ട്. വ്യാഴാഴ്ച വൈകീട്ട് കല്ലിടുമ്പിൽ ബൈക്ക് തെന്നിമാറി വീണു.

ഒരുമിച്ച് ഒരേസമയം ഓവുപാലങ്ങൾ പൊളിച്ചുനീക്കുന്നത് ഗതാഗത പ്രയാസങ്ങൾക്കിടയാക്കുന്നുവെന്ന് എടവണ്ണ പഞ്ചായത്തംഗം ഇ.എ. കരീം പറഞ്ഞു. റോഡുപണി ഇഴഞ്ഞുനീങ്ങുകയുമാണ്.

ജനങ്ങൾക്ക് ബുദ്ധിമുട്ടുകളില്ലാതെ കാര്യക്ഷമമായി യഥാസമയം പണി പൂർത്തീകരിക്കണമെന്നാവശ്യപ്പെട്ട് ലോക്‌താന്ത്രിക് ജനതാദൾ ജില്ലാപ്രസിഡന്റ് കിണറ്റിങ്ങൽ ഹംസ അധികൃതർക്ക് പരാതിനൽകി.