ഗ്രൗണ്ട് നൽകിയത് ബയോഗ്യാസ് പ്ലാന്റ് വിതരണത്തിനുള്ള സ്വകാര്യകമ്പനിക്ക്

വൈദ്യുതി ചാർജ് അടയ്ക്കാമെന്ന് കമ്പനി

മലപ്പുറം : കരാർ വ്യവസ്ഥ മറികടന്ന് പാണക്കാട് ട്രഞ്ചിങ് ഗ്രൗണ്ട് സ്വകാര്യകമ്പനിക്ക് വിട്ടുകൊടുത്ത് മലപ്പുറം നഗരസഭ. നഗരസഭയുടെ 2020-21 പദ്ധതിയിൽ ഉൾപ്പെട്ട ബയോഗ്യാസ് പ്ലാന്റ് വിതരണത്തിന് ടെൻഡർ ഏറ്റെടുത്ത കമ്പനിക്കാണ് കരാർ വ്യവസ്ഥ മറികടന്ന് നിർമാണത്തിനായി ഗ്രൗണ്ട് വിട്ടുകൊടുത്തതായി ആരോപണം.

കരാർ പ്രകാരം ഏറ്റെടുത്ത കമ്പനി സ്വന്തം സ്ഥലത്ത് നിർമാണം പൂർത്തിയാക്കി പ്ലാന്റ് ഗുണഭോക്താവിന് എത്തിച്ചുകൊടുക്കുകയാണ് വേണ്ടത്. വ്യവസ്ഥ മറികടന്ന് ബയോഗ്യസ് പ്ലാന്റ് നിർമാണത്തിനുള്ള സാധനങ്ങൾ നഗരസഭയുടെ ട്രഞ്ചിങ് ഗ്രൗണ്ടിലെത്തിച്ചാണ് കമ്പനി നിർമാണം നടത്തുന്നത്.

വൈക്കത്താണ് കമ്പനിയുടെ ആസ്ഥാനം. അവിടെനിന്ന് പ്ലാന്റ് തയ്യാറാക്കി കൊണ്ടുവന്നാൽ ചെലവ് കൂടുമെന്നതിനാലാണ് നിർമാണം പാണക്കാട്ടേക്കു മാറ്റിയതെന്ന് ആരോപണമുണ്ട്.

ട്രഞ്ചിങ് ഗ്രൗണ്ടിലെ വൈദ്യുതിത്തുക മാത്രമാണ് കമ്പനി അടയ്ക്കുക. സ്ഥലത്തിന്റെ വാടകയോ, കെട്ടിടവാടകയോ ഒന്നും കമ്പനി നഗരസഭയിലേക്ക് അടയ്ക്കില്ല.

നഗരസഭയിലാകെ 156 അപേക്ഷകളാണ് പദ്ധതിക്കുള്ളത്. ഇതിനായി നഗരസഭ വിഹിതമായി 14,25,600 രൂപയും വകയിരുത്തിയിട്ടുണ്ട്. നഗരസഭയ്ക്ക് നഷ്ടവും കരാർ ലംഘനവും വരുത്തിയ കമ്പനിക്കെതിരേയും കൂട്ടുനിന്നവർക്കെതിരേയും നടപടി വേണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. നിയമസഭാ തിരഞ്ഞെടുപ്പ് പൂർത്തിയായതോടെയാണ് കമ്പനി സാധനങ്ങളുമായെത്തി ട്രഞ്ചിങ് ഗ്രൗണ്ടിൽ നിർമാണപ്രവൃത്തികൾ ആരംഭിച്ചത്.

ഈമാസം അവസാനത്തോടെ നിർമാണം പൂർത്തിയാക്കി ഗുണഭോക്താക്കൾക്ക് വിതരണംചെയ്യുകയാണ് നഗരസഭയുടെ ലക്ഷ്യം. ജനുവരിയോടെ പദ്ധതി പൂർത്തിയാക്കാൻ നടപടിതുടങ്ങിയെങ്കിലും തദ്ദേശ തിരഞ്ഞെടുപ്പ് വന്നതോടെ നീണ്ടു. പിന്നീട് പുതിയ ഭരണസമിതി അധികാരത്തിലെത്തിയതോടെയാണ് പ്രവർത്തനങ്ങൾ ആരംഭിച്ചത്.