എരമംഗലം : പോളിങ്ബൂത്തായി അനുവദിച്ച വെളിയങ്കോട് ഗ്രാമപ്പഞ്ചായത്തിലെ എരമംഗലം ചേന്ദമംഗലം എ.എൽ.പി.സ്‌കൂളിന്റെ ക്ലാസ്‌മുറി അലങ്കോലമാക്കിയ നിലയിൽ.

പോളിങ്ബൂത്തായിരുന്ന ക്ലാസ്‌മുറിയിലെ ഒരു ബെഞ്ചിന്റെ കാലുകൾ തകർത്തനിലയിലാണ്. ഇതേക്ലാസിലെ ചുവരുകളിൽ കുട്ടികളുടെ പഠനപ്രവർത്തനങ്ങളുടെ ഭാഗമായി ഒരുക്കിയിരുന്ന ചാർട്ടുകളെല്ലാം വലിച്ചുകീറി നശിപ്പിച്ച് വികൃതമാക്കിയിരിക്കുകയാണ്.

കോവിഡ് സുരക്ഷയുടെ ഭാഗമായി തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ ഉപയോഗിച്ചിരുന്ന രണ്ട് ഫേസ് ഷീൽഡുകൾ ക്ലാസ്‌മുറിയിൽത്തന്നെ ഉപേക്ഷിച്ചനിലയിൽ കിടക്കുകയാണ്.

ഭക്ഷണസാധനങ്ങളുടെ അവശിഷ്ടങ്ങളും ഇവിടെ ഉപേക്ഷിച്ചനിലയിലാണ്.

കഴിഞ്ഞദിവസം സ്‌കൂളിലെത്തിയ അധ്യാപകനായ സക്കീർഹുസൈൻ പോളിങ്ബൂത്തായിരുന്ന ക്ലാസ്‌മുറി തുറന്നപ്പോഴാണ് ഈ കാഴ്‌ച ശ്രദ്ധയിൽപ്പെട്ടത്.

പൊന്നാനി നിയോജകമണ്ഡലത്തിലെ 155-ാം നമ്പർ പോളിങ് ബൂത്തായാണ് ചേന്ദമംഗലം എ.എൽ.പി. സ്‌കൂൾ പ്രവർത്തിച്ചത്. സംഭവം ബന്ധപ്പെട്ടവരെ അറിയിച്ചതായി സ്‌കൂൾ അധികൃതർ പറഞ്ഞു.