ചെമ്മീൻ ഹാച്ചറിയും ഭാഗീകമായിതകർന്നു

എരമംഗലം : വെള്ളിയാഴ്‌ച വെളിയങ്കോട്ടുണ്ടായ കടലേറ്റം പ്രളയസമാനമായ അന്തരീക്ഷം സൃഷ്‌ടിച്ചു. രാവിലെമുതൽ എന്തുസംഭവിക്കുമെന്നറിയാതെ തീരദേശവാസികൾ ഭീതിയോടെ കഴിയുന്നതിനിടയിലാണ് 11 മണിയോടെ വലിയതിരമാലകൾ കരയിലേക്ക് ഇരച്ചുകയറിയത്. വെളിയങ്കോട് അഴിമുഖം മുതൽ തണ്ണിത്തുറവരെ സമാനസ്ഥിതിയായിരുന്നു.

വെളിയങ്കോട് ഫിഷറീസ് റോഡ് പൂർണമായും വെള്ളത്തിൽ മുങ്ങിയതോടെ ഇതുവഴിയുള്ള ഗതാഗതം നിരോധിച്ചു. തണ്ണിത്തുറ മുതൽ പത്തുമുറിവരെ വെളിയങ്കോട് അഴിമുഖത്തിലേക്ക് മലവെള്ളപ്പാച്ചിലിന് സമാനമായരീതിയിൽ വെള്ളത്തിന്റെ കുത്തൊഴുക്കായി. 12 -മണിയോടെ വെളിയങ്കോട് തീരദേശ മേഖലയിൽ നൂറോളം വീടുകളാണ് വെള്ളത്തിലായത്.

കടലേറ്റങ്ങൾ പലതുണ്ടായിട്ടും സുരക്ഷിതമായിരുന്ന വെളിയങ്കോട് സർക്കാർ ചെമ്മീൻ ഹാച്ചറിയും വെള്ളിയാഴ്‌ചയുണ്ടായ കടലേറ്റത്തിൽ തകർന്നു. ഹാച്ചറിയുടെ മോട്ടോർപ്പുര തകർന്നതിനെത്തുടർന്ന് ഇതിലുണ്ടായിരുന്ന രണ്ടുമോട്ടോറും നശിച്ചു. ഹാച്ചറിയിലുണ്ടായിരുന്ന ടാങ്കുകൾ പലതും തകർന്നിട്ടുണ്ട്. നിലവിൽ ഇരുപതുലക്ഷം രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നത്. എല്ലാ വർഷവും കടലേറ്റമുണ്ടാവാറുണ്ടെങ്കിലും ഇത്തരത്തിലൊരു സംഭവം ആദ്യമാണെന്ന് പ്രദേശവാസികൾ പറയുന്നു.