എടക്കര : കോവിഡ് വ്യാപകമായ സാഹചര്യത്തിൽ പ്രാഥമിക ക്ഷീരസംഘത്തിലെ മുഴുവൻ ജീവനക്കാർക്കും വാക്‌സിനേഷൻ നൽകാൻ പ്രത്യേക പരിഗണന നൽകണമെന്നാവശ്യം. ഈ ആവശ്യം ഉന്നയിച്ച് മേഖലാ യൂണിയൻ ചെയർമാൻ കെ.എസ്. മണി ആരോഗ്യവകുപ്പ് മന്ത്രിക്ക് നിവേദനം നല്കി.

പാൽ ശേഖരണം, വിതരണം, കാലിത്തീറ്റയുടെ വിതരണം എന്നിവ കൂടാതെ കർഷകരുടെ ബുക്കുകളിൽ ദിവസവും പാലിന്റെ അളവും മറ്റ് വിവരങ്ങളും രേഖപ്പെടുത്തുന്ന ജോലിയും ചെയ്യുന്നത് ജീവനക്കാരാണ്. കർഷകരുമായി നേരിട്ട് ഇടപെടുന്ന വിഭാഗമാണ് ഇവർ.

ജില്ലയിലെ പല പഞ്ചായത്തുകളിലും കോവിഡ് രോഗ പരിശോധനയുടെ പോസിറ്റിവിറ്റി റേറ്റ് 50 ശതമാനത്തോളമാണ്. ധാരാളം കർഷകർക്ക് രോഗം ബാധിച്ചിട്ടുണ്ട്.

രോഗം ബാധിച്ചവിവരം അറിയാതെ കർഷകരോട് ദിവസങ്ങളോളം ജീവനക്കാർ ഇടപെട്ടിട്ടുണ്ട്. പരിശോധനാഫലം പുറത്തുവരുമ്പോഴാണ് രോഗിയാണെന്ന് അറിയുന്നത്.

ആവശ്യസേവനങ്ങളുടെ പട്ടികയിൽ ഉൾപ്പെട്ട ക്ഷീരമേഖലയിലെ മുഴുവൻ ജീവനക്കാരും ജോലിക്ക് എത്തണം. അധികവും സ്ത്രീകളാണ് ഈ മേഖലയിൽ ജോലിചെയ്യുന്നത്. രോഗ സാധ്യത മുൻനിർത്തി പലരും ജോലിക്ക് എത്താൻ മടിക്കുകയാണ്. മിൽമയുടെ മലബാർ മേഖലയുടെ കീഴിൽ 1200 ക്ഷീരസംഘങ്ങളുണ്ട്.-നിവേദനം ചൂണ്ടിക്കാട്ടി.