എരമംഗലം : വെളിയങ്കോട്, പാലപ്പെട്ടി മേഖലയിൽ വെള്ളിയാഴ്‌ചയുണ്ടായ കടലേറ്റത്തിൽ കനത്തനാശം.

വ്യാഴാഴ്‌ച മുതൽ വെളിയങ്കോട് മേഖലയിൽ കടലേറ്റമുണ്ടായിരുന്നെങ്കിലും വലിയ നാശനഷ്ടങ്ങളൊന്നും ഉണ്ടായിരുന്നില്ല. എന്നാൽ വെള്ളിയാഴ്‌ച രാവിലെമുതൽ കടലേറ്റം ശക്തമായി. വലിയരീതിരിലുള്ള തിരമാലകൾ കടൽഭിത്തിയും കടന്ന് കരയിലേക്ക് തുടർച്ചയായി ആഞ്ഞടിച്ചതോടെ കടലും കരയും തിരിച്ചറിയാനാവാത്തവിധം കടൽവെള്ളം നിറഞ്ഞൊഴുകി. വെളിയങ്കോട് പത്തുമുറി മുതൽ തെക്ക് ചെമ്മീൻ ഹാച്ചറിവരെ മുപ്പതും ഹാച്ചറി മുതൽ തെക്ക് തണ്ണിത്തുറ അറപ്പവരെ നാൽപതും വീടുകൾ വെള്ളത്തിലായി.

പത്തുമുറി കുരിക്കളകത്ത് ഹംസ, ഹസ്സൻപുരയ്‌ക്കൽ താജുദ്ദീൻ, തണ്ണിത്തുറക്കൽ കുഞ്ഞിമുഹമ്മദ്, വക്കേപ്പുറത്ത് ഇല്യാസ്, മുക്രിയകത്ത് അബു, ഹാജ്യരകത്ത് മനാഫ്, മുക്രിയകത്ത് മൊയ്‌തീൻ, നിലമ്പൂർ ഫാത്തിമ, പൊന്നാനി ഉബൈദ്, നബീസു, കോട്ടപ്പുറത്ത് അഷ്‌റഫ്, മുക്രിയകത്ത് ബാദുഷ, ഹാജ്യാരകത്ത് ഹസീബ് തുടങ്ങിയവരുടെ വീടുകൾ വെള്ളത്തിലായി. ഇതിൽ പലവീടുകളും കടലുമായി നൂറുമീറ്ററിലധികം ദൂരത്തിലുള്ള വയാണ്. ഇതിൽ അഷ്‌റഫ്, കുഞ്ഞിമുഹമ്മദ്, ഹംസ എന്നിവരുടെ വീടുകൾ തകർച്ചയിലാണ്. തണ്ണിത്തുറ മേഖലയിൽ ജിന്നൻ കോളനിയിലെ മുഴുവൻ വീടുകളും വെള്ളത്തിലായി. പതിനാറ്് വീടുകളാണ് കോളനിയിൽ. ഇതിൽ തണ്ടാംകോളിൽ അലി, പാലക്കൽ റജീന, വടക്കേപ്പുറത്ത് സാബിറ, ആലുങ്ങൽ ഹംസത്ത് എന്നിവരുടെ ഓലപ്പുരകൾ ഏതുനിമിഷവും നിലംപൊത്താവുന്ന അവസ്ഥയിലാണ്.

ഇതിന് പുറമെ വളപ്പിലകായിൽ അബൂബക്കർ, വടക്കേപ്പുറത്ത് ഇബ്രാഹിം, പുതുപറമ്പിൽ അബ്ദുല്ല, മുക്രിയകത്ത് മുസ്‌തഫ, ടി.കെ. മുഹമ്മദ് മുസ്‌ലിയാർ, തണ്ടാംകോളിൽ സൈഫുന്നിസ, തെരുവത്ത് സാലിഹ്, കുരുക്കളകത്ത് മനാഫ്, ഹാജ്യാരകത്ത് അബൂബക്കർ, വടക്കേപ്പുറത്ത് നൗഷാദ്, അമ്പലത്തുവീട്ടിൽ കയ്യാമോൾ തുടങ്ങിയവരുടെ വീടുകളും വെള്ളത്തിലാണ്. ഇതിൽ ഹാജ്യാരകത്ത് അബൂബക്കർ, കയ്യമോൾ, മനാഫ് എന്നിവരുടെ വീടുകൾ തകർന്നു. അബൂബക്കറിന്റെ കോൺക്രീറ്റ് വീട് പൂർണമായും കടലിലേക്ക് നിലംപൊത്തി.

വെളിയങ്കോട് മേഖലയിലേതിന് സമാനമാണ് പാലപ്പെട്ടി, അജ്‌മീർനഗർ മേഖലയിലും കടലേറ്റമുണ്ടായത്. പാലപ്പെട്ടി കടപ്പുറം ജുമാഅത്ത് പള്ളിയുടെ ഖബർസ്ഥാൻ കടലേറ്റത്തിൽ തകർന്നു. അഞ്ച് ഖബറുകളുടെ കല്ലറകൾ തകർന്നുവീണു. ഒരു ഖബറിലെ മൃതദേഹത്തിന്റെ കാലിന്റെ അസ്ഥികൾ കടലിലേക്ക് ഒലിച്ചുപോയി. ഖബർസ്ഥാൻ സംരക്ഷിക്കുന്നതിനായി അടിയന്തരമായി കടൽഭിത്തി ശക്തിപ്പെടുത്തണമെന്ന് മൂന്നുവർഷമായി നാട്ടുകാർ ആവശ്യപ്പെടുന്നതായും എന്നാൽ അധികൃതർ നടപടിയെടുത്തില്ലെന്ന ആക്ഷേപവും ശക്തമാണ്.

അജ്‌മീർനഗറിലെ അജ്‌മീർ പള്ളിയുടെ സുരക്ഷാമതിൽ കടലേറ്റത്തിൽ പൂർണമായും തകർന്നു. സമീപത്തെ പള്ളിയകായിൽ അബു, പണ്ടാരി അബ്ദുറഹിമാൻ, പൊറ്റാടി മുഹമ്മദ്, അച്ചാറിന്റകത്ത് റാഫി, കുരുക്കളകത്ത് ഷാഹുൽഹമീദ് പതിനഞ്ചോളം വീടുകളും വെള്ളത്തിലാണ്. കടലേറ്റത്തിൽ വെള്ളത്തിലായ മുഴുവൻ വീടുകളിലും കടലിൽനിന്നുള്ള ചളിയും മണ്ണും നിറഞ്ഞിരിക്കുകയാണ്. ഇവിടെയുള്ളവരെ കുടുംബവീടുകളിലേക്കും സർക്കാരിന്റെ ദുരിതാശ്വാസ കേന്ദ്രങ്ങളിലേക്കും മാറ്റിപ്പാർപ്പിച്ചരിക്കുകയാണ്.

ദുരിതമെത്തി;

പൊന്നാനി : മഴക്കാലമെന്നത് തീരദേശവാസികളെ സംബന്ധിച്ചിടത്തോളം ദുരിതകാലമാണ്. എന്നാൽ, ഇത്തവണ മഴയ്ക്കുമുൻപേ ദുരിതമെത്തി. നാളുകളേറെയായി തീരദേശത്തെ മത്സ്യത്തൊഴിലാളികൾക്ക് പറയാൻ വറുതിയുടെ കഥകൾ മാത്രമാണുള്ളത്. അതിനിടയിലേക്കാണ് കോവിഡും ലോക്‌ഡൗണുമെല്ലാം ആർത്തിരമ്പിയെത്തിയത്. ഇതോടെ ജീവിതം ദുരിതപൂർണമായി. മഴക്കാലമെന്ന വലിയ ദുരിതകാലത്തിലേക്ക് കണ്ണുനട്ടിരിക്കുമ്പോഴാണ് ന്യൂനമർദത്തിന്റെ രൂപത്തിൽ ഇത്തവണ ദുരിതം നേരത്തേയെത്തിയത്.

ലോക്‌ഡൗൺ കാലത്തെ പെരുന്നാൾ വീടുകളിൽത്തന്നെ ആഘോഷിക്കാനായിരുന്നു അധികൃതരുടെ നിർദേശം. എന്നാൽ, ഈ പെരുന്നാൾദിനത്തിൽ തീരദേശത്തുള്ളവർക്ക് ആധിയായിരുന്നു. അറബിക്കടലിൽ രൂപംകൊള്ളുന്ന ന്യൂനമർദത്തിന്റെ പശ്ചാത്തലത്തിൽ ജാഗ്രതാ മുന്നറിയിപ്പ് ലഭിച്ചിരുന്നു. മത്സ്യത്തൊഴിലാളികൾ കടലിൽ പോയിരുന്നില്ല.

പെരുന്നാൾദിനത്തിൽത്തന്നെ കടലിന്റെ രൂപം മാറിത്തുടങ്ങിയിരുന്നു. വെള്ളിയാഴ്ച രാവിലെ ആയപ്പോഴേയ്ക്കും കടൽത്തീരം കടലെടുക്കുന്ന സ്ഥിതിയായി. കൂറ്റൻ തിരമാലകൾ ആഞ്ഞടിച്ചതോടെ വീടുകളിലേക്കും റോഡിലേക്കും വെള്ളംകയറി. തെങ്ങുകൾ കടപുഴകിവീഴാൻ തുടങ്ങി.

വർഷകാലം തുടങ്ങുന്ന ജൂൺ മുതലാണ് ഇത്തരം കാഴ്ചകൾ തീരത്തു കാണാറുള്ളത്. എന്നാൽ ഇത്തവണ മഴയെത്തുന്നതിനു മുൻപുതന്നെ കൈയിൽ കിട്ടിയതെല്ലാമെടുത്ത് വീടുവിട്ടോടേണ്ട അവസ്ഥയെത്തി. ദുരിതാശ്വാസക്യാമ്പുകൾ തുറന്നെങ്കിലും കോവിഡ് പടർന്നുപിടിച്ചിരിക്കുന്ന അവസ്ഥയിൽ അവിടേക്കുപോകാനും മിക്കവരും ഭയപ്പെട്ടു. ബന്ധുവീടുകളിലേക്കു മാറാൻ കഴിയുന്നവർ അവിടേക്കുമാറി. എവിടെയും പോകാനിടമില്ലാത്തവർ കോവിഡ്ഭീതി വകവെക്കാതെ ദുരിതാശ്വാസ ക്യാമ്പിലേക്കും മാറി.