പരപ്പനങ്ങാടി : മത്സ്യത്തൊഴിലാളികൾക്ക് ആനുകൂല്യങ്ങൾ നൽകാതിരിക്കാൻ കേന്ദ്ര, സംസ്ഥാനസർക്കാരുകൾ മത്സരിക്കുകയാണെന്ന് അഖിലേന്ത്യാ മത്സ്യത്തൊഴിലാളി കോൺഗ്രസ് പ്രസിഡന്റ് ടി.എൻ. പ്രതാപൻ എം.പി. പറഞ്ഞു. 'കടൽ കടലിന്റെ മക്കൾക്ക് 'എന്ന പ്രമേയത്തിൽ പരപ്പനങ്ങാടിയിൽനടന്ന മത്സ്യത്തൊഴിലാളി കോൺഗ്രസ് ജില്ലാകൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

എ.പി. അനിൽകുമാർ എം.എൽ.എ. മുഖ്യപ്രഭാഷണം നടത്തി. മത്സ്യത്തൊഴിലാളി കോൺഗ്രസ് ജില്ലാപ്രസിഡന്റ് വി.പി. ഖാദർ അധ്യക്ഷതവഹിച്ചു. യു.ഡി.എഫ്. ജില്ലാചെയർമാൻ പി.ടി. അജയ്‌മോഹൻ, മത്സ്യത്തൊഴിലാളി കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഓസ്റ്റിൻ ഗോമസ്, കെ.പി.സി.സി. ജനറൽ സെക്രട്ടറി ആലിപ്പറ്റ ജമീല , കെ.പി. അബ്ദുൾമജീദ്, യു.കെ. അഭിലാഷ്, അഡ്വ. നസറുള്ള, വൈ.പി. ലത്തീഫ്, കെ.പി. കോയ സിദ്ദിഖ് തുടങ്ങിയവർ പ്രസംഗിച്ചു.

എറണാകുളത്തിനും കാലിക്കറ്റിനും ജയം

പെരിന്തൽമണ്ണ : ജോളിറോവേഴ്സ് ക്ലബ്ബ് നടത്തുന്ന ഡോ. എം.എസ്. നായർ സ്മാരക ക്രിക്കറ്റ് ടൂർണമെന്റിൽ രാവിലത്തെ മത്സരത്തിൽ ഫാൽക്കൺസ് സി.സി. കാലിക്കറ്റ് മൂന്നു വിക്കറ്റുകൾക്ക് ട്രൈഡന്റ് സി.എ. തൃശ്ശൂരിനെ പരാജയപ്പെടുത്തി. ആദ്യം ബാറ്റ് ചെയ്ത തൃശ്ശൂർ 28.3 ഓവറിൽ 131 റൺസിന് എല്ലാവരും പുറത്തായി. ഫാൽക്കൺസ് സി.സി. കാലിക്കറ്റ് ഒരു പന്ത് ബാക്കിനിൽക്കെ (29.5 ഓവർ) ഏഴു വിക്കറ്റ് നഷ്ടത്തിൽ 135 റൺസെടുത്ത് വിജയം കൈപ്പിടിയിലൊതുക്കി.

ഉച്ചയ്ക്കുശേഷമുള്ള മത്സരത്തിൽ മുത്തൂറ്റ് മൈക്രോഫിൻ എറണാകുളം എട്ടു വിക്കറ്റുകൾക്ക് സെഞ്ചുറി സി.സി. എറണാകുളത്തെ തോൽപ്പിച്ചു. സെഞ്ചുറി സി.സി. 30 ഓവറിൽ 157 റൺസിന് എല്ലാവരും പുറത്തായി. മുത്തൂറ്റ് മൈക്രോഫിൻ എറണാകുളം 20.3 ഓവറിൽ രണ്ടു വിക്കറ്റ് നഷ്ടത്തിൽ 160 റൺസെടുത്ത് ലക്ഷ്യത്തിലെത്തി.