തേഞ്ഞിപ്പലം : ചരിത്രത്തിൽ ആദ്യമായി അഖിലേന്ത്യാ ബേസ്‌ബോളിൽ കപ്പുയർത്തിയ ടീമിന് വിപുലമായ സ്വീകരണമൊരുക്കി കാലിക്കറ്റ് സർവകലാശാല.

കളിതുടങ്ങാൻ രണ്ടുനാൾ ബാക്കിനിൽക്കെ അപ്രതീക്ഷിതമായി മരിച്ച ടീം മാനേജർ ഡോ. മുഹമ്മദ് നജീബിന്റെ സ്മരണകളിലൂടെയാണ് ചടങ്ങു തുടങ്ങിയത്. സർവകലാശാലാ സെനറ്റ് ഹൗസിൽ നടന്ന പരിപാടി വൈസ് ചാൻസലർ ഡോ. എം.കെ. ജയരാജ് ഉദ്ഘാടനംചെയ്തു. നാലു വർഷത്തിനകം അന്താരാഷ്ട്ര നിലവാരത്തിലുള്ള മത്സരത്തിനായി സർവകലാശാലാ സ്റ്റേഡിയം സജ്ജമാക്കുമെന്ന് വി.സി. പറഞ്ഞു. ടീം അംഗങ്ങൾക്ക് വി.സി. ഉപഹാരങ്ങൾ കൈമാറി.

സിൻഡിക്കേറ്റംഗം കെ.കെ. ഹനീഫ അധ്യക്ഷതവഹിച്ചു. രജിസ്ട്രാർ ഡോ. ഇ.കെ. സതീഷ് മുഖ്യപ്രഭാഷണം നടത്തി. സിൻഡിക്കേറ്റംഗങ്ങളായ ഡോ. ജി. റിജുലാൽ, എം. ജയകൃഷ്ണൻ, കായികവകുപ്പ് ഡയറക്ടർ ഡോ. വി.പി. സക്കീർ ഹുസൈൻ, ഉപമേധാവി ഡോ. എം.ആർ. ദിനു, അസി. ഡയറക്ടർ ഡോ. കെ. ബിനോയ്, ടീം ക്യാപ്റ്റൻ ചെൽസിയ ജോൺസൺ, പരിശീലകൻ സുൽഫിക്കൽ പൂവക്കാട് തുടങ്ങിയവർ സംസാരിച്ചു. കഴിഞ്ഞ ദിവസം അസമിൽനിന്ന് തിരിച്ചെത്തിയ ടീമിന് പരപ്പനങ്ങാടി റെയിൽവേ സ്റ്റേഷനിലും സർവകലാശാലാ അധികൃതർ സ്വീകരണമൊരുക്കിയിരുന്നു.

ഡോ. നജീബിന്റെ സ്മരണ നിലനിർത്തും

കാലിക്കറ്റ് സർവകലാശാലാ ബേസ്‌ബോൾ ടീമിന്റെ മാനേജരായിരിക്കെ അകാലത്തിൽ മരിച്ച ഡോ. മുഹമ്മദ് നജീബിന്റെ സ്മരണ നിലനിർത്താൻ ഉചിതമായ തീരുമാനം സർവകലാശാല കൈക്കൊള്ളുമെന്ന് സിൻഡിക്കേറ്റംഗം കെ.കെ. ഹനീഫ പറഞ്ഞു.

കായിക സ്ഥിരംസമിതിയുടെ അടുത്ത യോഗത്തിൽത്തന്നെ ഇക്കാര്യം ചർച്ച ചെയ്യുകയും വരുന്ന സിൻഡിക്കേറ്റ് യോഗത്തിൽ തീരുമാനമെടുക്കുകയും ചെയ്യും. അഖിലേന്ത്യാ മത്സരത്തിനുള്ള ടീം മാനേജരായ ഡോ. നജീബ് ടീമുമായി പുറപ്പെടാനിരിക്കെ മണിക്കൂറുകൾക്ക് മുമ്പ് ചാലിയാറിൽ മുങ്ങിമരിക്കുകയായിരുന്നു. ടീമിനൊപ്പം ഭാര്യയെയും മകളെയും കൂട്ടി യാത്രയ്ക്ക് അദ്ദേഹം ഒരുക്കം നടത്തിയിരുന്നതായി പരിശീലകൻ സുൽഫിക്കൽ അനുമോദനച്ചടങ്ങിൽ സ്മരിച്ചു.