മലപ്പുറം : മൃഗക്ഷേമവകുപ്പിനെ കൂടുതൽ കർഷകസൗഹൃദമാക്കുമെന്ന് മന്ത്രി ജെ. ചിഞ്ചുറാണി പറഞ്ഞു. കേരള ലൈവ്‌സ്റ്റോക്ക് ഇൻസ്പെക്ടേഴ്‌സ് യൂണിയന്റെ ഒൻപതാമത് സംസ്ഥാനസമ്മേളനത്തിന്റെ പ്രതിനിധിസമ്മേളനം ഉദ്ഘാടനംചെയ്യുകയായിരുന്നു മന്ത്രി.

ജീവനക്കാർക്ക് സി.യു.ജി. മൊബൈൽ കണക്‌ഷനും മൃഗങ്ങൾക്ക് റേഡിയോ ഫ്രീക്വൻസി തിരിച്ചറിയൽസംവിധാനവും നടപ്പാക്കും. സി.യു.ജി. സംവിധാനം വഴി ജീവനക്കാരുടെ പ്രവർത്തനങ്ങൾ മന്ത്രിയുൾപ്പെടെയുള്ളവർക്ക് തലസ്ഥാനത്തിരുന്നു നിരീക്ഷിക്കാനാവും. ഇത് വകുപ്പിന്റെ പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കാനും കർഷകർക്ക് സേവനങ്ങൾ വേഗത്തിൽ ലഭ്യമാക്കാനും സഹായിക്കും. കന്നുകാലികൾക്ക് റേഡിയോ ഫ്രീക്വൻസി ഐഡന്റിഫിക്കേഷൻ (ആർ.എഫ്.ഐ.ഡി.) കാർഡ് നടപ്പാക്കുന്ന പദ്ധതി എല്ലാ ജില്ലകളിലേക്കും വ്യാപിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.

സംസ്ഥാനപ്രസിഡന്റ് പി.യു. പ്രേമദാസൻ അധ്യക്ഷനായി. സി.പി.ഐ. ജില്ലാസെക്രട്ടറി പി.കെ. കൃഷ്ണദാസ്, സംസ്ഥാനസെക്രട്ടറി കെ.എം. മനീഷ് മോഹൻ, എം.എസ്. ബിനേഷ്‌കുമാർ, എസ്. സജീവ്, എച്ച്. വിൻസെന്റ്, കെ.സി. സുരേഷ് ബാബു, എസ്.കെ.എം. ബഷീർ, യൂണിയൻ ജില്ലാപ്രസിഡന്റ് പി. ഷാനവാസ് എന്നിവർ പ്രസംഗിച്ചു.

ഭാരവാഹികളായി കെ.സി. സുരേഷ് ബാബു (പ്രസി) ബി.ജി. മെർളി, കെ.പി. മണികണ്ഠൻ, ആർ. മനോജ് കുമാർ (വൈ.പ്രസി.), എൻ. കൃഷ്ണകുമാർ (ജന.സെക്ര.), എം.എസ്. ദിനേശ് കുമാർ, ജി. അരുൺ കുമാർ, എസ്. കൃഷ്ണകുമാരി (സെക്ര.), എ.സി. രാജേഷ് (ട്രഷ.) എന്നിവരെ തിരഞ്ഞെടുത്തു.