തേഞ്ഞിപ്പലം : സംസ്ഥാനത്തെ സർവകലാശാലകൾ അഴിമതിയുടെയും അനീതിയുടെയും കേന്ദ്രമായി മാറിയെന്ന് മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന ജന. സെക്രട്ടറി പി.കെ. ഫിറോസ്. കാലിക്കറ്റ് സർവകലാശാലയിലേക്ക് 17-ന് യു.ഡി.എഫ്. നടത്തുന്ന മാർച്ച് വിജയിപ്പിക്കുന്നതിനായി ചേളാരി ശിഹാബ് തങ്ങൾ ഭവനിൽ സംഘടിപ്പിച്ച യു.ഡി.വൈ.എഫ്. യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു ഫിറോസ്.

വള്ളിക്കുന്ന് മണ്ഡലം യു.ഡി.വൈ.എഫ്. ചെയർമാൻ ശറഫുദ്ധീൻ അധ്യക്ഷത വഹിച്ചു. കൺവീനർ സവാദ് കള്ളിയിൽ, ഡോ. വി.പി. അബ്ദുൽ ഹമീദ്, ബക്കർ ചെർണൂർ, വീക്ഷണം മുഹമ്മദ്, ഗുലാം ഹസൻ ആലംഗീർ, അസീസ് പള്ളിക്കൽ, സി.എ. ബഷീർ, ടി.പി. അസ്ദഫ്, സമദ് കൊടക്കാട് എന്നിവർ സംസാരിച്ചു.

സർവകലാശാലയിലെ രാഷ്ട്രീയവത്കരണം അവസാനിപ്പിക്കുക, നിയമവിരുദ്ധമായി നിയമിക്കപ്പെട്ട കണ്ണൂർ യൂണിവേഴ്‌സിറ്റി വൈസ് ചാൻസലർ രാജിവെക്കുക, ഗവർണർ ഭരണഘടനാവിരുദ്ധനീക്കങ്ങൾ ഉപേക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് 17-ന് നടത്തുന്ന മാർച്ച് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്യും.