മലപ്പുറം : സംസ്ഥാന വൈദ്യുതി ബോർഡ് ലിമിറ്റഡിന്റെ സബ്സിഡി പദ്ധതിയായ സൗരപദ്ധതിക്ക് മലപ്പുറം നിയോജക മണ്ഡലത്തിൽ തുടക്കമായി. സൗര പ്രോജെക്ട്‌ ഫെയ്സ്-2 വിൽ ഉൾപ്പെടുത്തി മഞ്ചേരി സർക്കിളിന് കീഴിൽ മലപ്പുറം ഈസ്റ്റ് സെക്‌ഷനിലെ വി. വിജയരാജിന്റെ വീട്ടിൽ സ്ഥാപിച്ച രണ്ടുകിലോ വാട്സ് സോളാർപ്ലാന്റ് പി. ഉബൈദുള്ള എം.എൽ.എ. ഉദ്ഘാടനം ചെയ്തു.

മഞ്ചേരി ഡിവിഷൻ എക്സിക്യുട്ടീവ് എൻജിനീയർ നിസ പദ്ധതി വിശദീകരിച്ചു. മുനിസിപ്പൽ കൗൺസിലർ മഹ്‌മൂദ്, ഇലക്‌ട്രിക്കൽ സബ് ഡിവിഷൻ അസിസ്റ്റന്റ് എക്സിക്യുട്ടീവ് എൻജിനീയർ ഖലീലുൽ റഹ്‌മാൻ എന്നിവർ പ്രസംഗിച്ചു.

കേരളത്തിലെ സൗരോർജ്ജ ഉത്പാദനശേഷി ആയിരം മെഗാവാട്ട് എത്തിക്കുകയെന്ന ലക്ഷ്യത്തോടെ കേരള സർക്കാർ ഊർജ്ജ കേരള മിഷനിൽ ഉൾപ്പെടുത്തി നടപ്പാക്കുന്ന പദ്ധതിയാണ് സൗരപദ്ധതി.

പദ്ധതിയിൽ 500 മെഗാവാട്ട്, പുരപ്പുറ സോളാർ പ്ലാന്റുകൾ മുഖേനയാണ് നടപ്പാക്കാൻ ലക്ഷ്യമിട്ടിരിക്കുന്നത്. സബ്സിഡി പദ്ധതിപ്രകാരം മൂന്നുകിലോ വാട്സ് വരെ 40 ശതമാനം സബ്സിഡിയും മൂന്നുമുതൽ പത്തുകിലോ വാട്സ് വരെ 20 ശതമാനം സബ്സിഡിയുമാണ് അനുവദിച്ചിരിക്കുന്നത്. മലപ്പുറം മണ്ഡലത്തിൽ 202 ഉപഭോക്താക്കളിൽനിന്ന് 741 കിലോ വാട്സ് നിലയങ്ങൾ സ്ഥാപിക്കുന്ന പ്രവൃത്തി പുരോഗമിക്കുകയാണ്.

തിരൂരങ്ങാടിയിൽ രണ്ടാംഘട്ടം

കോട്ടയ്ക്കൽ : സൗരോർജ പദ്ധതിയുടെ രണ്ടാംഘട്ടത്തിന്റെ തിരൂരങ്ങാടി നിയോജകമണ്ഡലത്തിലെ ഉദ്ഘാടനം കെ.പി.എ. മജീദ് എം.എൽ.എ. നിർവഹിച്ചു.എടരിക്കോട് ഇലക്ട്രിക്കൽ സെക്ഷനു കീഴിലെ ഉപഭോക്താവായ ശശിധരൻ കുന്നത്തേരിയുടെ വീട്ടിലെ സോളാർ പ്ലാന്റ് സ്വിച്ച് ഓൺ ചെയ്തായിരുന്നു ഉദ്ഘാടനം.

എടരിക്കോട് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് അബ്ദുൽ ജലീൽ മണമ്മൽ, വാർഡംഗം മജീദ്, ഇലക്ട്രിക്കൽ ഡിവിഷൻ എക്‌സിക്യൂട്ടീവ് എൻജിനിയർ ഒ.പി. വേലായുധൻ, എടരിക്കോട് സെക്ഷൻ അസിസ്റ്റന്റ് എൻജിനിയർ എഫ്.എൻ. റെജി, സീനിയർ സൂപ്രണ്ട് സുധീർ കുമാർ, തിരൂർ സർക്കിൾ സൗര അസിസ്റ്റന്റ് എൻജിനീയർ ഷഫീഖ്, അസിസ്റ്റന്റ് ഇലക്ട്രിക്കൽ ഇൻസ്പെക്ടർ ശ്രീധിൻ തുടങ്ങിയവർ പങ്കെടുത്തു.