പെരിന്തൽമണ്ണ : ആശുപത്രികളുടെ നഗരത്തിൽ ആശ്രയവും തുണയുമില്ലാതാകുന്നവർക്ക് ആശ്വാസത്തിന്റെ കരം നീട്ടി പെരിന്തൽമണ്ണ പെയിൻ ആൻഡ്‌ പാലിയേറ്റീവ് കെയർ സൊസൈറ്റി സേവനത്തിന്റെ കാൽനൂറ്റാണ്ടിലേക്ക് കടക്കുന്നു. 1997-ലാണ് പെരിന്തൽമണ്ണയിലെ പൊതുസമൂഹം കൈകോർത്ത് സാന്ത്വനപരിചരണകേന്ദ്രത്തിന് തുടക്കമിട്ടത്.

ഐ.എം.എ.യും വ്യാപാരിസമൂഹവും അടക്കമുള്ള സേവനസന്നദ്ധ സംഘടനകളുടെ കൂട്ടായ്മയിലാണ് സൊസൈറ്റിയുണ്ടാക്കിയത്. 25 വർഷത്തിലേക്കെത്തുമ്പോൾ അവശരായി വീടുകളിൽ കിടപ്പിലായവർക്ക് ചികിത്സയും മരുന്നുമെത്തിക്കുന്ന ഹോം കെയർ സംവിധാനമാണ് സൊസൈറ്റിയുടെ മികച്ച പ്രവർത്തനം.

പെരിന്തൽമണ്ണയിലും പരിസരപഞ്ചായത്തുകളിലുമുള്ള 60 വയസ്സ് കഴിഞ്ഞവർക്ക് സൗജന്യ പരിശോധനയും മരുന്നുവിതരണവും 15 വർഷമായി തുടരുന്നു. ഡയാലിസിസ് ചെയ്യുന്നവർക്ക് നിശ്ചിത തുകയുടെ സൗജന്യമരുന്നും നൽകുന്നു. മൗലാന, കിംസ് അൽശിഫ ആശുപത്രികളുടെ സഹകരണത്തോടെ മങ്കട പി.ടി. ഗ്രൂപ്പ് നൽകിയ രണ്ട് ഡയാലിസിസ് യന്ത്രങ്ങളിൽ 50 ശതമാനം കിഴിവോടെ തിരഞ്ഞെടുക്കപ്പെട്ടവർക്ക് ഡയാലിസിസും നടത്തുന്നുണ്ട്. അർഹരായവർക്ക് ആംബുലൻസ് സൗകര്യവും നൽകുന്നു.

അർബുദ, വൃക്ക രോഗങ്ങളാൽ തളർന്ന രോഗികൾക്ക് എല്ലാവിധ ആശ്വാസനടപടികളും സൊസൈറ്റി ഉറപ്പുവരുത്തുന്നു. ജില്ലാ ആശുപത്രിയിലെ ജീവനക്കാരുടെ കുറവുണ്ടായി വയോജന-അർബുദ വാർഡുകൾ പ്രതിസന്ധിയിലായപ്പോൾ രണ്ടുവർഷത്തോളം സ്റ്റാഫ് നഴ്‌സുമാരെ നൽകിയും സൊസൈറ്റി മാതൃകയായി.

മുൻ വിദ്യാഭ്യാസമന്ത്രി നാലകത്ത് സൂപ്പിയുടെ എം.എൽ.എ. ഫണ്ടുപയോഗിച്ച് നിർമിച്ച രണ്ടുനില കെട്ടിടത്തിലാണ് സൊസൈറ്റിയുടെ പ്രവർത്തനം. ജില്ലാ ആശുപത്രി മാതൃ-ശിശു ബ്ലോക്കിനോട് ചേർന്നാണ് കെട്ടിടം. ഡോ. നിലാർ മുഹമ്മദ്(ചെയ.), കെ.പി. ഷൈജൽ(സെക്ര.), കെ.പി.എം. സാക്കിർ(ട്രഷ.) എന്നിവരുടെ നേതൃത്വത്തിലുള്ള സൊസൈറ്റിയിൽ ജീവകാരുണ്യപ്രവർത്തകനായ കുറ്റീരി മാനുപ്പയാണ് കോ-ഓർഡിനേറ്റർ.വളാഞ്ചേരിക്ക് കരുത്തും ആശ്വാസവുമായി നാല്പതുപേർ ‌ സാന്ത്വനത്തണലിൽ 270 രോഗികൾ

വളാഞ്ചേരി : വളാഞ്ചേരിയിലെ പെയിൻ ആന്റ് പാലിയേറ്റിവ് കെയർ ക്ലിനിക്കിലെ നാല്പത് മുഴുവൻസമയ സന്നദ്ധ ഭടന്മാർ എപ്പോഴും ‘ഫീൽഡി’ലാണ്. നഗരസഭയിലും നഗരസഭയോടുചേർന്ന് എടയൂർ, ആതവനാട്, കുറ്റിപ്പുറം ഗ്രാമപ്പഞ്ചായത്തുകളുടെ സമീപവാർഡുകളിലും ഉള്ള രോഗികൾക്കാണ് ഇവരുടെ സാന്ത്വന സ്പർശേമേൽക്കുന്നത്. കാൻസർ, പക്ഷാഘാതം, വൃക്ക, തളർവാതം, പാരാപ്ലീജിയ, ജനിതക രോഗങ്ങൾ, ഡിമൻഷിയ, ജന്മനാ വൈകല്യമുള്ളവർ, മാനസിക വെല്ലുവിളി നേരിടുന്നവർ, ഒറ്റപ്പെട്ട് കഴിയുന്നവർ തുടങ്ങി പ്രയാസപ്പെടുന്ന 270 പേരെ ഇവർ പരിചരിക്കുന്നുണ്ട്.

വീടുകളിൽപ്പോയി രോഗികളെ സശ്രദ്ധം പരിചരിക്കുന്നതിലാണ് കൂടുതൽ ശ്രദ്ധ. ചുരുക്കം ചില ഞായറാഴ്ചകൾ ഒഴിച്ചുനിർത്തിയാൽ മുഴുവൻ സമയവും ഇവരുടെ സേവനം ലഭ്യമാണ്.

2001 ജൂൺ ഏഴിനാണ് സാന്ത്വന പരിചരണകേന്ദ്രം വളാഞ്ചേരി പ്രാഥമികാരോഗ്യകേന്ദ്രത്തിൽ തുടങ്ങിയത്. 2010-ൽ സ്വന്തം ആസ്ഥാനവുമായി. എം.പി.മാരായ ഇ. അഹമ്മദ്, ഇ.ടി. മുഹമ്മദ് ബഷീർ എന്നിവരുടെ വികസന ഫണ്ടുപയോഗിച്ചായിരുന്നു പി.എച്ച്.സി. സമുച്ചയത്തിൽ ആസ്ഥാനകെട്ടിടം നിർമിച്ചത്. ഇതിനോടൊപ്പം എം.ഇ.എസ്. സെൻട്രൽ സ്കൂളിന്റെ സഹായത്തോടെ രോഗികളെ പരിചരിക്കുന്നതിനുള്ള കേന്ദ്രവും നിർമിച്ചുനൽകിയിട്ടുണ്ട്.

നഗരസഭാധ്യക്ഷൻ അധ്യക്ഷനും തിരഞ്ഞെടുക്കപ്പെട്ട ഏഴ് ഭാരവാഹികളും ഉൾപ്പെടെ 27 അംഗ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് കേന്ദ്രം പ്രവർത്തിക്കുന്നത്.

പാലിയേറ്റീവ് ദിനത്തിൽ പ്രദേശത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ കുട്ടികളുടെ സഹകരണത്തോടെ വിഭവ സമാഹരണം നടത്തും. നഗരസഭാധ്യക്ഷൻ അഷറഫ് അമ്പലത്തിങ്ങലിന്റെ നേതൃത്വത്തിൽ ജനപ്രതിനിധികളും വോളന്റിയർമാരും പങ്കാളികളാകും.