തേഞ്ഞിപ്പലം : സംരംഭകർക്കായി ജില്ലയിൽ അനുകൂല അന്തരീക്ഷം ഒരുക്കുമെന്ന് മന്ത്രി പി. രാജീവ് പറഞ്ഞു. കാക്കഞ്ചേരി ടെക്‌നോ ഇൻഡസ്ട്രിയൽ പാർക്കിൽ ഐ.ടി.-ഐ.ടി. അധിഷ്ഠിത കമ്പനികൾക്കായി ഒരുക്കിയ കിൻഫ്ര സ്റ്റാൻഡേർഡ് ഡിസൈൻ ഫാക്‌ടറി ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

പ്രവാസികൾ ഉൾപ്പെടെയുള്ള സംരംഭകരുടെ ആശങ്കകൾ പരിഹരിക്കും. വ്യവസായമേഖലയുടെ വളർച്ച ലക്ഷ്യംവെച്ച് സ്വകാര്യ വ്യവസായ പാർക്കുകൾ സർക്കാരിന്റെ പരിഗണനയിലുണ്ട്. സ്ഥലം ലഭ്യമായാൽ സ്വകാര്യ വ്യവസായ പാർക്കുകളിൽ പശ്ചാത്തലസൗകര്യം ഒരുക്കിക്കൊടുക്കാനാണ് സർക്കാർ ആലോചനയെന്നും മന്ത്രി വ്യക്തമാക്കി.

പി. അബ്ദുൾഹമീദ് എം.എൽ.എ. അധ്യക്ഷതവഹിച്ചു. ഡോ. എം.പി. അബ്ദുസ്സമദ് സമദാനി എം.പി. മുഖ്യപ്രഭാഷണം നടത്തി.

കൊണ്ടോട്ടി ബ്ലോക്ക്പഞ്ചായത്ത് പ്രസിഡന്റ് വി.പി. ഷാജിനി ഉണ്ണി, ചേലേമ്പ്ര പഞ്ചായത്ത് പ്രസിഡന്റ് എ.പി. ജമീല, പഞ്ചായത്തംഗം ജംഷിദ നൂറുദ്ദീൻ, കിൻഫ്ര മാനേജിങ് ഡയറക്ടർ സന്തോഷ് കോശി തോമസ്, ജനറൽ മാനേജർ ജി. സുനിൽ എന്നിവർ പ്രസംഗിച്ചു.

22 കോടി രൂപ വിനിയോഗിച്ച് വ്യവസായവകുപ്പാണ് പുതിയ കെട്ടിടം സജ്ജീകരിച്ചിരിക്കുന്നത്. കൂടുതൽ ഐ.ടി. കമ്പനികളെ ഉൾക്കൊള്ളാവുന്ന വിധത്തിലുള്ള അത്യാധുനിക സൗകര്യങ്ങളാണ് കിൻഫ്ര സ്റ്റാൻഡേർഡ് ഡിസൈൻ ഫാക്‌ടറി കെട്ടിടത്തിലുള്ളത്.