സ്റ്റേഡിയം നവീകരണത്തിന്1.55 കോടി

വട്ടംകുളം : ആരോഗ്യ-കായിക മേഖലകളിൽ 2.7 കോടിയുടെ പദ്ധതികൾക്ക് വട്ടംകുളം ഗ്രാമപ്പഞ്ചായത്ത് രൂപംനൽകി. വർഷങ്ങളായി കായികപ്രേമികൾക്ക്‌ ഉപകാരമാകാതെ മണ്ണും ചെളിയുമായി കിടക്കുന്ന എ.കെ.ജി. മിനിസ്റ്റേഡിയം പുനർനിർമിക്കണമെന്നാവശ്യപ്പെട്ട് ‘മാതൃഭൂമി’ നേരത്തേ വാർത്ത നൽകിയപ്പോൾ പ്രസിഡന്റ് ഉറപ്പുനൽകിയതാണ് പുതിയ വികസനം.

വട്ടംകുളം കുടുംബാരോഗ്യകേന്ദ്രത്തിന് 1.15 കോടിയുടെ പുതിയ കെട്ടിടം, എ.കെ.ജി. മിനി സ്റ്റേഡിയത്തിന് 1.55 കോടിയുടെ നവീകരണപദ്ധതി എന്നിവയാണ് ബുധനാഴ്‌ച തുടക്കമാകുന്നത്.

കുടുംബാരോഗ്യകേന്ദ്രം നിലവിൽ തൈക്കാടുള്ള അസൗകര്യമുള്ള കെട്ടിടത്തിലാണ് പ്രവർത്തിക്കുന്നത്.

ആറുമാസംകൊണ്ട് പുതിയ കെട്ടിടം നിർമിച്ച് പ്രവർത്തനം അങ്ങോട്ടു മാറ്റാനുള്ള പദ്ധതിയുടെ തറക്കല്ലിടൽ ബുധനാഴ്‌ച 10-ന് പ്രസിഡന്റ് കഴുങ്ങിൽ മജീദ് നിർവഹിക്കും.

മിനി സ്റ്റേഡിയം നവീകരിച്ച് കായികപ്രേമികൾക്ക് തുറന്നുകൊടുക്കാനുള്ള പദ്ധതിക്ക്‌ 20-ന് കെ.ടി. ജലീൽ എം.എൽ.എ. തറക്കല്ലിടും.

ഇ.ടി. മുഹമ്മദ് ബഷീർ എം.പി. പങ്കെടുക്കും. ഗാലറി, പവലിയൻ, ഡ്രസിങ് മുറി തുടങ്ങിയവയെല്ലാം ഇവിടെ സജ്ജമാക്കുമെന്ന് ഭാരവാഹികളായ കഴുങ്ങിൽ മജീദ്, ദീപ മണികണ്ഠൻ, എം.എ. നജീബ്, പത്തിൽ അഷറ്ഫ്, യു.പി. പുരുഷോത്തമൻ എന്നിവർ അറിയിച്ചു.