കുറ്റിപ്പുറം : മുങ്ങിമരണങ്ങൾ തുടർക്കഥയായ കുറ്റിപ്പുറം മല്ലൂർക്കടവിലെ സുരക്ഷാ ബോട്ടിന്റെ അവസ്ഥ ശോചനീയം. ലൈഫ് ഗാർഡുകൾ ഉപയോഗിക്കുന്ന നിലവിലെ സുരക്ഷാബോട്ടിന് രണ്ടുപതിറ്റാണ്ടോളം പഴക്കമുണ്ട്.

പെട്രോൾ, മണ്ണെണ്ണ, ഓയിൽ എന്നിവ ഉപയോഗിച്ച് പ്രവർത്തിപ്പിക്കുന്ന പഴയ മോഡൽ യമഹ എൻജിനാണ് ബോട്ടിലുള്ളത്. എൻജിന്റെ പ്രവർത്തനക്ഷമത കുറഞ്ഞത് ബോട്ടിന്റെ വേഗത്തെ ബാധിച്ചിരിക്കുകയാണ്. അതോടൊപ്പം എൻജിന് ഇടക്കിടെ കേടുപാടുകളും സംഭവിക്കുന്നുണ്ട്.

ഈ അവസ്ഥയിലുള്ള ബോട്ട് ഉപയോഗിച്ചാണ് നിലവിൽ ലൈഫ് ഗാർഡ് രക്ഷാപ്രവർത്തനം നടത്തി വരുന്നത്. സംസ്ഥാന ടൂറിസം വകുപ്പിന്റെ നാല് ലൈഫ് ഗാർഡുകളും ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിന്റെ രണ്ട് ലൈഫ് ഗാർഡുകളും ഉൾപ്പടെ ആറ്‌ പേരൊണ് രക്ഷാപ്രവർത്തനങ്ങൾക്കായി മല്ലൂർക്കടവിൽ ഉള്ളത്. സംസ്ഥാന ടൂറിസം വകുപ്പ് നിയോഗിച്ച ലൈഫ് ഗാർഡുകൾ രാവിലെ ഏഴുമുതൽ രാത്രി ഏഴ്‌ വരേയും ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ നിയോഗിച്ച രണ്ട് ലൈഫ് ഗാർഡുകൾ രാത്രി ഏഴ്‌ മുതൽ രാവിലെ ഏഴ്‌ വരേയുമാണ് പ്രവർത്തിക്കുന്നത്.

പുതിയ രൂപത്തിലുള്ള യമഹ എൻജിൻ ഘടിപ്പിച്ച ബോട്ട് ഇവിടേക്ക് ലഭിച്ചാൽ രക്ഷാപ്രവർത്തനം കൂടുതൽ വേഗത്തിലാക്കാൻ സാധിക്കും.