എരമംഗലം : മാറഞ്ചേരി ഗ്രാമപ്പഞ്ചായത്തിൽ വാക്‌സിൻ വിതരണത്തിനു നൽകുന്ന ടോക്കണിൽ വ്യാജസീൽ ഉപയോഗിച്ചെന്ന ആരോപണത്തിലുറച്ച്‌ യു.ഡി.എഫ്. ജനപ്രതിനിധികൾ. വിഷയത്തിൽ പരാതി നൽകിയിട്ടും പഞ്ചായത്ത് സെക്രട്ടറിയും അധ്യക്ഷയും തുടർനടപടി സ്വീകരിക്കുന്നതിൽനിന്ന് ഒളിച്ചോടുകയാണെന്ന മുദ്രാവാക്യം വിളികളുമായാണ് ചൊവ്വാഴ്‌ച വൈകുന്നേരം ചേർന്ന പഞ്ചായത്ത് ബോർഡ് യോഗത്തിൽനിന്ന് യു.ഡി.എഫ്. ജനപ്രതിനിധികൾ ബഹിഷ്‌കരിച്ചു ഇറങ്ങിപ്പോയത്.

വാക്‌സിൻ വിതരണത്തിനു നൽകിയ ടോക്കണിൽ വ്യാജസീൽ ഉപയോഗിച്ചതുസംബന്ധിച്ച് സമഗ്രമായ അന്വേഷണമാവശ്യപ്പെട്ട് ബുധനാഴ്‌ച ഡി.ഡി.പി.യ്ക്ക് പരാതിനൽകുമെന്ന് ടി. മാധവനും ഹിളർ കാഞ്ഞിരമുക്കും അറിയിച്ചു. വിഷയത്തിൽ നേരത്തേ യു.ഡി.എഫ്. ജനപ്രതിനിധികൾ പഞ്ചായത്ത് സെക്രട്ടറിയെ ഉപരോധിച്ചിരുന്നു.

മെഡിക്കൽ ഓഫീസറിൽനിന്നു ലഭിച്ച വാക്‌സിൻ വിതരണം നടത്തിയതിന്റെ രേഖപ്രകാരം ടോക്കണിൽ ഉപയോഗിച്ചിരിക്കുന്നത് പഞ്ചായത്തിന്റെ യഥാർഥ സീൽ തന്നെയെന്ന് ബോധ്യപ്പെട്ടുവെങ്കിലും ഓരോവാർഡിനും അനുവദിച്ചതിൽനിന്ന് അധികമായി പത്ത് ടോക്കൺ പ്രകാരം വാക്‌സിൻ വിതരണം നടത്തിയതായി കണ്ടെത്തിയെന്നും പഞ്ചായത്ത് സെക്രട്ടറി ജി.വി. വിനോദ്‌കുമാർ പറഞ്ഞു.