വൈദ്യുതിമേഖലയിൽ പത്തുകോടിയുടെ പദ്ധതി പൂർത്തിയാക്കി

പ്രസാരണനഷ്ടം ഒഴിവാക്കാൻ കേബിൾലൈനും

കാളികാവ് : മലയോരത്ത് വൈദ്യുതിരംഗത്ത് 10 കോടിയുടെ വികസനപദ്ധതികൾ പൂർത്തിയാക്കി. പ്രസാരണനഷ്ടം ഒഴിവാക്കാനും വൈദ്യുതിവിതരണം കാര്യക്ഷമമാക്കാനുള്ള പദ്ധതികളാണ് നടപ്പാക്കിയത്.

പ്രസാരണനഷ്ടം കുറയ്ക്കാൻ വൈദ്യുതിവിതരണം കേബിൾ വഴിയാക്കാനുള്ള ജോലി പുരോഗമിക്കുന്നുണ്ട്. കേബിൾ സ്ഥാപിക്കുന്നതിലൂടെ പ്രസരണനഷ്ടത്തോടൊപ്പം അപകടം കുറയ്ക്കാനും കഴിയുമെന്ന് അധികൃതർ പറഞ്ഞു. കാളികാവ് സെക്‌ഷൻ പരിധിക്ക് കീഴിലാണ് 10 കോടിയുടെ വികസന പ്രവർത്തനങ്ങൾ പൂർത്തിയാക്കിയത്.

33 കെ.വി. സബ്സ്റ്റേഷനിൽ രണ്ട് ട്രാൻസ്‍ഫോർമറുകൾകൂടി സ്ഥാപിച്ചത് മലയോരമേഖലയ്ക്ക് വലിയ നേട്ടമായി. കരുവാരക്കുണ്ട് ഉൾപ്പെടെയുള്ള ഭാഗങ്ങളിലേക്ക് കാളികാവ് സബ്സ്റ്റേഷനിൽനിന്നാണ് വൈദ്യുതി എത്തിക്കുന്നത്.

കേരള, പുല്ലങ്കോട് എന്നീ രണ്ട് ലൈനുകളായിട്ടാണ് വൈദ്യുതി വിതരണം ചെയ്തിരുന്നത്. നീലാഞ്ചേരി, അഞ്ചച്ചവിടി എന്നീ രണ്ട് ഫീഡറുകൾ സ്ഥാപിച്ചതോടെ വൈദ്യുതി വിതരണം കാര്യക്ഷമമാക്കാൻ കഴിയും. പുതിയ സംവിധാനത്തിലൂടെ മലയോരത്തൊന്നാകെ വൈദ്യുതി മുടങ്ങുന്നതിന് പരിഹാരമായി. വൈദ്യുതി വിതരണത്തിൽ കരുവാരക്കുണ്ട് മേഖലയിലുണ്ടാകുന്ന പ്രശ്നം കാളികാവ് ഉൾപ്പെടെയുള്ള ഭാഗങ്ങളെ ബാധിക്കില്ല. കാളികാവിലെ തടസ്സം കരുവാരക്കുണ്ടിനേയും ബാധിക്കില്ല. മരങ്ങൾക്കിടയിലൂടെ ഉണ്ടായിരുന്ന ലൈനുകൾ മാറ്റി സ്ഥാപിച്ചതിലൂടേയും പ്രസരണനഷ്ടം കുറക്കാൻ കഴിഞ്ഞതായി അധികൃതർ പറഞ്ഞു.

സബ്സ്റ്റേഷനിൽ സ്ഥാപിച്ച പുതിയ ട്രാൻസ്‍ഫോർമറിന്റെ ഉദ്ഘാടനം എക്സിക്യുട്ടീവ് എൻജിനീയർ എസ്. സുധി നിർവഹിച്ചു. അസി.എക്സിക്യുട്ടീവ് എൻജനീയർ ബി. സുബ്രഹ്മണ്യൻ, എ.ഇ.സി. രഘുനാഥൻ, സബ് എൻജിനീയർമാരായ എസ്. ഉദയശങ്കർ, പി. പ്രമോദ്, എം. അനീഷ്, കെ. ഗണേഷൻ, കരാറുകാരൻ എസ്.കെ. ശശികുമാർ എന്നിവർ പ്രസംഗിച്ചു.