എടപ്പാൾ : കാൽ തളർന്ന് ഒന്നരവർഷത്തോളമായി കിടപ്പിലായ ഭർത്താവിന്റെ ചികിത്സക്കും ജീവിതത്തിനും വഴിയില്ലാതെ ഈ വീട്ടമ്മ.

സഹായത്തിനാരുമില്ലാത്തതിനാൽ രണ്ടുവർഷമായി കുടിശ്ശികയായ വാടകപോലും നൽകാനായിട്ടില്ല. എടപ്പാൾ പഴയ ബ്ലോക്കിന് സമീപം പരുവിങ്ങൽ ക്വാർട്ടേഴ്‌സിൽ കഴിയുന്ന പള്ളശേരി വിലാസിനി(46)യാണ് ഭർത്താവ് ബാബുവിനെ(51)യും ചേർത്തുപിടിച്ച് നെടുവീർപ്പിടുന്നത്. ഹോട്ടൽ തൊഴിലാളിയായിരുന്നു ബാബു. ഒന്നരവർഷംമുൻപാണ് ബാബുവിന് മുട്ടുവേദന വന്നത്. പലയിടത്തും ചികിത്സച്ചെങ്കിലും വേദന മാറിയില്ലെന്നു മാത്രമല്ല കാൽ പൂർണമായി തളരുകയായിരുന്നു.

ശസ്ത്രക്രിയ നടത്തിയാൽ കുറച്ചൊക്കെ ഭേദമുണ്ടാകുമെന്ന് പറഞ്ഞെങ്കിലും അതിനുള്ള തുക കണ്ടെത്താനായില്ല. ഇതിനിടയിൽ ശരീരത്തിന്റെ ബാലൻസ് തെറ്റുന്ന അസുഖവും വന്നു. നിത്യച്ചെലവിനുപോലും വഴിയില്ലാതായതോടെ വാടകയും കുടിശ്ശികയായി. ഇവരെ സഹായിക്കാനായി വാർഡ് അംഗം കെ.പി. അച്യുതൻ, ശിഹാബ് തങ്ങൾ റിലീഫ്സെൽ പ്രസിഡന്റ് വി.കെ.എ. മജീദ് എന്നിവരുടെ നേതൃത്വത്തിൽ സമിതി രൂപവത്കരിച്ചു. എടപ്പാളിലെ കനറ ബാങ്കിലെ വിലാസിനിയുടെ അക്കൗണ്ട് നമ്പർ: 1138101057803(IFSC CNRB0001138).