മമ്പാട് : തകർന്നുവീഴാറായ വീട്ടിൽ ഭീതിയോടെ അന്തിയുറങ്ങുന്ന ഫാത്തിമയ്ക്ക് വീടൊരുക്കാൻ കർമ്മസമിതിയായി. മമ്പാട് പഞ്ചായത്തിലെ കാട്ടുമുണ്ട പൂക്കടംചോലയിലെ പുതിയത്ത് വീട്ടിൽ ഫാത്തിമയെന്ന 57 കാരിക്കാണ് വീടൊരുക്കാൻ സഹായം തേടുന്നത്. ഇവരുടെ ഭർത്താവ് 22 വർഷം മുൻപ് മരിച്ചു. രണ്ട് പെൺമക്കളുണ്ട്. ഇരുവരും വിവാഹിതരാണ്. ഇപ്പോൾ നിലംപൊത്താറായി നിൽക്കുന്ന കൂരയിൽ ഫാത്തിമ ഒറ്റയ്ക്കാണ് താമസം.

നിത്യരോഗിയായ ഇവർ ജീവിതം മുന്നോട്ടുകൊണ്ടുപോകുന്നത് നാട്ടുകാരുടെ കാരുണ്യംകൊണ്ടാണ്. വീടിന്റെ ചോർച്ച തടയുന്നതിനായി സാമൂഹികപ്രവർത്തകർ ടാർപ്പായ വലിച്ചുകെട്ടി കൊടുത്തിരിക്കുകയാണ്. അടർന്നുവീഴാറായ അടുക്കള ഭാഗം താങ്ങുകൊടുത്ത് താത്‌കാലികമായി നിർത്തിയിട്ടുമുണ്ട്. കനത്തമഴയുണ്ടായാൽ വീട് അടർന്നുവീഴുമെന്ന ഭീതിയിൽ ഇവർ അയൽക്കാരുടേയും മക്കളുടേയും വീട്ടിൽ അഭയം തേടുകയാണ്. വീടുനിർമാണത്തിനായി സമിതി കേരള ഗ്രാമീൺ ബാങ്ക് മമ്പാട് ശാഖയിൽ സംയുക്ത അക്കൗണ്ട് തുടങ്ങി. അക്കൗണ്ട് നമ്പർ 40163101116557. ഐ.എഫ്.സി. കോഡ് കെ.എൽ.ജി.ബി.0040163. ഫോൺ. 9447 631 669, 9745 701 366, 8086 696 711.