തിരൂർ : കനത്ത മഴയിൽ റോഡിൽ വെള്ളം പൊങ്ങി വഴിതെറ്റിയ കാർ പാടത്തെ വെള്ളക്കെട്ടിലേക്കു വീണു. ഉടനെ ഒരുകൂട്ടം യുവാക്കളെത്തി കാർവലിച്ചുകയറ്റി യാത്രക്കാരെ രക്ഷിച്ചു.

അഞ്ചു സ്ത്രീകളും ഡ്രൈവറുമാണ് കാറിലുണ്ടായിരുന്നത്. ചൊവ്വാഴ്ച രാത്രി പയ്യനങ്ങാടി -ഇരിങ്ങാവൂർ റോഡിൽ പനമ്പാലത്താണ് അപകടം. കോട്ടയ്ക്കൽ ക്ലാരി മൂച്ചിക്കലിൽനിന്ന് തിരൂരിലേക്ക് വരികയായിരുന്ന കുടുംബമാണ് ഭാഗ്യംകൊണ്ട് രക്ഷപ്പെട്ടത്.

റോഡിൽ വളവുള്ളതറിയാതെ കാർ പാടത്തേക്ക് നീങ്ങുകയായിരുന്നു. സമീപത്തുണ്ടായിരുന്ന യുവാക്കളുടെ കൂട്ടായ്മയായ പടവെട്ട് ഗ്രൂപ്പ് പ്രവർത്തകരും പയ്യനങ്ങാടിയിലെ കൊളോസ് ടീമിലെ യുവാക്കളും ഓടിയെത്തി വെള്ളത്തിൽ മുങ്ങിയ കാറിനെ സ്പോർട്സ് ജീപ്പു കൊണ്ടുവന്നു കയർ കെട്ടിവലിച്ചാണ് കരയ്ക്ക് കയറ്റിയത്. യുവാക്കളെ നാട്ടുകാർ അഭിനന്ദിച്ചു.