ചട്ടിപ്പറമ്പ് : കാർഷികമേഖലയെ പുനരുജ്ജീവിപ്പിക്കാനുള്ള പ്രയത്‌നത്തിന്റെ ഭാഗമായി ഒറ്റത്തറ പാടശേഖരത്തിൽ ഒന്നാംവിള വിരിപ്പുനെൽക്കൃഷിയുടെ വിളവെടുപ്പ് ആരംഭിച്ചു. പതിറ്റാണ്ടുകളായി രണ്ടാംവിള മാത്രം കൃഷിചെയ്യുന്ന വയലുകളിലാണ് കോഡൂർ കാർഷിക കർമസേനയുടെ നേതൃത്വത്തിൽ കർഷകർ വിരിപ്പുകൃഷി പുനരാരംഭിച്ചത്.

വയലുകളിലെ അശാസ്ത്രീയ ഇടപെടലുകൾകാരണം മഴവെള്ളം ഒഴുകിപ്പോകാത്തതും വിളവെടുപ്പ് സമയത്ത് നെല്ല് നനയുന്നതുമെല്ലാം വിരിപ്പുകൃഷിക്ക് തടസ്സമായിരുന്നു. കൃത്യസമയത്ത് തൊഴിലാളികളെ കിട്ടാത്തതായിരുന്നു വലിയ പ്രതിസന്ധി. ഇതിനു പരിഹാരമായി പരിശീലനം ലഭിച്ച വിദഗ്ധതൊഴിലാളികളെയും യന്ത്രോപകരണങ്ങളും കാർഷിക കർമസേന നൽകി.

കാർഷിക കർമസേനതന്നെ വയലുകൾ പാട്ടത്തിനെടുത്ത് വിരിപ്പുകൃഷിയിറക്കിയത് സമീപവയലുകളിലെ കർഷകർക്ക് അവരുടെ വയലുകളിൽ ഒന്നാംവിളയ്ക്ക് വിത്തെറിയാനുള്ള ആത്മധൈര്യവും നൽകി.

ഒറ്റത്തറയിൽ മൂന്നര ഏക്കറോളം വയലിലാണ് കർമസേന വിരിപ്പുനെൽകൃഷി കൊയ്‌തെടുക്കുന്നത്.

അത്യുത്പാദനശേഷിയുള്ള 'മട്ട ത്രിവേണി' നെൽവിത്താണ് വയലുകളിൽ വിതച്ചത്.

ഉത്സവമായി വിളവെടുപ്പ്

ഒറ്റത്തറ വയലിലെ വിരിപ്പുകൃഷിയുടെ വിളവെടുപ്പാരംഭം ബ്ലോക്ക്, ഗ്രാമപ്പഞ്ചായത്തംഗങ്ങളും പ്രദേശവാസികളും കർഷകരും ചേർന്ന് ഉത്സവ പ്രതീതിയിലാണ് നടത്തിയത്. പഞ്ചായത്ത് പ്രസിഡന്റ് റാബിയ ചോലക്കലും വൈസ് പ്രസിഡന്റ് സാദിഖ് പൂക്കാടനും ചേർന്ന് വിളവെടുപ്പ് ഉദ്ഘാടനംചെയ്തു.

ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് റജുല പെലത്തൊടി, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ എം.ടി. ബഷീർ, കെ.പി. റാബിയ, പഞ്ചായത്തംഗങ്ങളായ ഫാത്തിമ വട്ടോളി, ഷിഹാബ് അരിക്കത്ത്, ആസ്യ കുന്നത്ത്, സമീമത്തുന്നീസ പാട്ടുപാറ, പാന്തൊടി മുഹമ്മദ് ഉസ്മാൻ, കൃഷി ഓഫീസർ കെ. സുഹാന തബസും തുടങ്ങിയവർ പങ്കെടുത്തു.

കർമസേന ഭാരവാഹികളായ പി.സി. മുഹമ്മദ്കുട്ടി, കെ. പ്രഭാകരൻ, കിളിയമണ്ണിൽ കോമുഹാജി, ഹനീഫ പാട്ടുപാറ, കൃഷി അസിസ്റ്റന്റുമാരായ കെ. നിഷ, വി. സുബിഷ, വി. ഹബീബ് റഹ്‌മാൻ തുടങ്ങിയവരും മറ്റു ജനപ്രതിനിധികളും നേതൃത്വം നൽകി.

അരി തനത് ബ്രാന്റിൽ

ഒറ്റത്തറയ്ക്കു പുറമെ പാലക്കലിലുൾപ്പെടെ കാർഷിക കർമസേനയൊരുക്കിയ കൃഷിയിലെ നെല്ല് സംസ്കരിച്ചെടുത്ത് തനത് ബ്രാന്റിൽ വിതരണംചെയ്യാനാണ് ലക്ഷ്യം. മുൻവർഷങ്ങളിൽ സപ്ലൈകോയ്ക്ക് കൈമാറുകയായിരുന്നു പതിവ്. നിലവിൽ നടത്തിക്കൊണ്ടിരിക്കുന്ന പച്ചക്കറി വിപണി പോലെ പ്രദേശികാടിസ്ഥാനത്തിൽ ഉത്പാദിപ്പിച്ച ഗുണമേന്മയുള്ള അരി നാട്ടുകാർക്ക് നേരിട്ടെത്തിക്കാനാണ് കർമസേന ഉദ്ദേശിക്കുന്നത്.