പരപ്പനങ്ങാടി : വൃക്ക മാറ്റിവെക്കൽ ചികിത്സയ്ക്ക് സഹായംതേടുന്ന പരപ്പനങ്ങാടി ആവിയിൽബീച്ച് കെ.ടി. നഗറിലെ ബി. ഷിബുരാജിന് പണം കണ്ടെത്താൻ നാട്ടുകാരുടെ നേതൃത്വത്തിൽ കാരുണ്യ വാഹനയാത്ര ആരംഭിച്ചു.

കൊല്ലം പറവൂർ സ്വദേശിയായ ഷിബുരാജ് കെ.ടി. നഗറിലെ ചരിവിള പുത്തൻവീട്ടിൽ നിഷയെ വിവാഹംചെയ്ത് ഇവിടെ സ്ഥിരതാമസമാക്കുകയായിരുന്നു. ഷിബുരാജിന്റെ ഇരുവൃക്കകളും പ്രവർത്തനരഹിതമാണ്.

വൃക്ക എത്രയുംവേഗം മാറ്റിവെക്കണമെന്നാണ് ഡോക്ടർമാർ നിർദേശിച്ചിട്ടുള്ളത്. വൃക്ക നൽകാൻ ഭാര്യ തയ്യാറാണ്. എന്നാൽ ഭാരിച്ച ചെലവ് വഹിക്കാൻ കുടുംബത്തിനു കഴിയാത്ത അവസ്ഥയാണ്. ഇതോടെയാണ് നാട്ടുകാർ ജനകീയകമ്മിറ്റി രൂപവത്കരിച്ച് പ്രവർത്തനം തുടങ്ങിയത്.

ജില്ല മുഴുവൻ ഓടുന്ന കാരുണ്യവാഹനം പരപ്പനങ്ങാടി നഗരസഭാധ്യക്ഷൻ എ. ഉസ്‌മാൻ ഫ്ലാഗ്ഓഫ് ചെയ്തു.

ചികിത്സാകമ്മിറ്റി ചെയർമാൻ എ.പി. ഇബ്രാഹിം അധ്യക്ഷനായി. ടി. കാർത്തികേയൻ, പി.പി. ഉമ്മുക്കുൽസു, ടി.ആർ. റസാഖ്, ജാഫർ ഫൈസി താനാളൂർ, ഇസ്‌മായിൽ സഖാഫി, ടി. കുട്ട്യാവ, റാഫി പൊന്നാക്കാരൻ എന്നിവർ പ്രസംഗിച്ചു.

ഫഹദ് ചതുവൻ, രാഹുൽ പുറക്കാട്ട്, സുനിൽകുമാർ പിലാക്കുളം എന്നിവരാണ് ഫണ്ട് ശേഖരണത്തിന് നേതൃത്വംനൽകുന്നത്. പരപ്പനങ്ങാടി ഫെഡറൽബാങ്കിൽ ചികിത്സാസഹായനിധി തുറന്നിട്ടുണ്ട്. അക്കൗണ്ട് നമ്പർ: 15770100113720. ഐ.എഫ്.എസ്.സി. കോഡ്: FDRL 0001577. ഗൂഗിൾപേ: 9288050433.