നിലമ്പൂർ : നിലമ്പൂർ കെ.എസ്.ആർ.ടി.സി. ബസ് ടെർമിനൽ ഷോപ്പിങ് കോംപ്ലക്‌സിന്റെ പൂർത്തീകരണം വൈകുന്നു. 2017-ൽ അഞ്ചുകോടി രൂപയോളം ചെലവഴിച്ച് നിർമിച്ച ഷോപ്പിങ് കോംപ്ലക്‌സാണ് നോക്കുകുത്തിയായി നിൽക്കുന്നത്. ആര്യാടൻ മുഹമ്മദ് ഗതാഗതവകുപ്പിന്റെ ചുമതലവഹിച്ച സമയത്താണ് നിലമ്പൂരിൽ കെ.എസ്ആർ.ടി.സി. ബസ് ടെർമിനിൽ ആൻഡ് ഷോപ്പിങ് കോംപ്ലക്സ് കെട്ടിടനിർമാണം തുടങ്ങിയത്. 2020-ൽ കെട്ടിടം 15 വർഷത്തേക്ക് സ്വകാര്യ കമ്പനിക്ക് 1.05 കോടി രൂപ പാട്ടവ്യവസ്ഥയിൽ നൽകിയിരുന്നു.

എന്നാൽ കരാറിലെ ചില വ്യവസ്ഥകൾ അംഗീകരിക്കാൻ കഴിയാത്ത സാഹചര്യത്തിൽ പിൻവാങ്ങുകയായിരുന്നു. നിലവിൽ നിലമ്പൂർ മർക്കന്റയിൽ സൊസൈറ്റി ഒരുകോടി രൂപയ്ക്ക് ഷോപ്പിങ് കോംപ്ലക്‌സ് നടത്തിപ്പിനു മുന്നോട്ടുവന്നിട്ടുണ്ട്. ബുധനാഴ്‌ച ഗതാഗതമന്ത്രി ആന്റണി രാജു, കെ.എസ്.ആർ.ടി.സി. എം.ഡി. ബിജു പ്രഭാകർ എന്നിവരുമായി തിരുവനന്തപുരത്ത് ചർച്ചനടത്തിയിരുന്നു. കെ.എസ്.ആർ.ടി.സി. വലിയ കടക്കെണിയിൽ നിൽക്കുമ്പോഴാണ് കോടികൾ മുടക്കി നിർമിച്ച നിലമ്പൂരിലെ ബസ് ടെർമിനൽ കം ഷോപ്പിങ് കോംപ്ലക്‌സ് നോക്കുകുത്തിയായി നിൽക്കുന്നത്.