എടക്കര : വഴിക്കടവിലെ കൃഷിയിടത്തിൽ കണ്ടെത്തിയ കറുത്ത തേരട്ടകൾ വനത്തിൽ കണ്ടുവരാറുണ്ടെങ്കിലും കൃഷി നശിപ്പിക്കുന്നത് ഇപ്പോഴാണ് ശ്രദ്ധയിൽപ്പെട്ടതെന്ന് സ്ഥലം സന്ദർശിച്ച വയനാട് കാർഷിക ഗവേഷണകേന്ദ്രം അസി. പ്രൊഫസർ ഡോ. വി.പി. ഇന്ദുലേഖ.

പൂവത്തിപൊയിലിലെ അമയോലിക്കൽ ഇമ്മാനുവേലിന്റെ പാവൽ തോട്ടത്തിലാണ് കറുത്ത തേരട്ടകളെ കണ്ടത്. ഇവ തോട്ടത്തിലെ ചെടിയുടെ നാമ്പിലകൾ പൂർണമായും തിന്നുനശിപ്പിച്ചിരുന്നു. കാലാവസ്ഥാവ്യതിയാനമാണ് തേരട്ടകൾ കൂടുതലായി കാണാൻ കാരണം. പകൽ മണ്ണിൽ ഒളിച്ചിരിക്കുന്ന ഇവ രാത്രിയിലാണ് പുറത്തുവരുന്നത്.

തോട്ടത്തിൽനിന്നു ശേഖരിച്ച തേരട്ടകളുടെ സാമ്പിളുകൾ കേരള സർവകലാശാലയിലെയും ജില്ലാ കൃഷിവിജ്ഞാന കേന്ദ്രത്തിലെയും ശാസ്ത്രജ്ഞർക്ക് അയച്ചുകൊടുത്തു. ഇവിടെയുളള പഠനറിപ്പോർട്ടുകൾ ഒരാഴ്‌ചയ്ക്കുള്ളിൽ ലഭിക്കുമെന്ന് ഇവർ പറഞ്ഞു.

കൃഷി അസി. ഡയറക്ടർ എം.കെ. രജനി, എടക്കര കൃഷി ഓഫീസർ നീതു തങ്കം, വഴിക്കടവ് സീനിയർ കൃഷി അസിസ്റ്റന്റ് സി.സി. സുനിൽ, പെസ്റ്റ് സ്‌കൗട്ട് വൈശാഖ്, കൃഷി അസിസ്റ്റന്റുമാരായ ജോബി തോമസ്, കെ. റുബീഷ് എന്നിവർചേർന്ന സംഘമാണ് സ്ഥലം സന്ദർശിച്ചത്.