എടക്കര : എടക്കര കാലിച്ചന്ത ശനിയാഴ്‌ച മുതൽ തുറന്നുപ്രവർത്തിപ്പിക്കാൻ വഴിക്കടവ് പഞ്ചായത്ത് ഭരണസമിതി യോഗം തീരുമാനിച്ചു. കോവിഡിന്റെ ഒന്നാംഘട്ടത്തിലെ നിയന്ത്രണങ്ങളെത്തുടർന്ന് ഒരുവർഷക്കാലം ചന്ത അടച്ചിട്ടിരുന്നു. പിന്നീട് രണ്ടാഴ്‌ച പ്രവർത്തിച്ചെങ്കിലും അഞ്ചുമാസമായി അടച്ചിട്ടിരിക്കുകയാണ്. ചന്തകൊണ്ട് ഉപജീവനം നടത്തിയിരുന്ന നൂറുകണക്കിനാളുകൾ ഇതിനെത്തുടർന്ന് പ്രതിസന്ധിയിലായി. പ്രാേദശികമായി വളർത്തുന്ന കാലികളെ വിൽക്കാൻ കർഷകർക്കും കഴിഞ്ഞില്ല.

ഇതുസംബന്ധിച്ച് മാതൃഭൂമി വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. തുടർന്ന് വഴിക്കടവ് ഗ്രാമപ്പഞ്ചായത്ത് അധികൃതർ ചന്ത തുറക്കാനുള്ള അനുമതിക്കായി ജില്ലാകളക്ടർക്ക് നിവേദനം നൽകിയെങ്കിലും അനൂകൂലമായ തീരുമാനമുണ്ടായില്ല. തുടർന്നാണ് ബുധനാഴ്‌ച ചേർന്ന പഞ്ചായത്ത് ബോർഡ് യോഗം ചന്ത തുറക്കാൻ തീരുമാനമെടുത്തതെന്ന് പ്രസിഡന്റ് തങ്കമ്മ നെടുംപടി, വൈസ് പ്രസിഡന്റ് റെജി കണ്ടത്തിൽ എന്നിവർ അറിയിച്ചു.