നാക്ക് പൊന്നാകട്ടെ എന്നുപറയാറുണ്ട്. പറയുന്ന നല്ല കാര്യങ്ങൾ ഫലിക്കട്ടെ എന്നാണ് അതിനർഥം. വാക്ക് ഉച്ചരിക്കാൻ നമ്മെ പ്രാപ്തരാക്കുന്ന ആ നാവിലാണ് നമ്മൾ പൊന്നുകൊണ്ടെഴുതി വിദ്യാരംഭം കുറിക്കുന്നത്. നവരാത്രി ആഘോഷങ്ങൾക്ക് വിരാമംകുറിക്കുന്ന വിജയദശമിനാളിലാണ് വിദ്യാരംഭം. കന്നിമാസത്തിലെ വെളുത്തപക്ഷത്തിലാണ് നവരാത്രിയെന്ന ഒമ്പതുരാത്രികളുടെ ഉത്സവം. വിദ്യാരംഭമെന്നാൽ അക്ഷരവിദ്യയുടെ ആരംഭം മാത്രമല്ല. ആയോധനകലയും സംഗീതകലയും ഉൾപ്പെടെയുള്ള കലകളുടെയും കലയായി മാറേണ്ട തൊഴിൽവിദ്യകളുടെയും ആരംഭദിനം കൂടിയാണ്.

ജ്ഞാനിയായ ഒരു ആചാര്യൻ വേണം കുഞ്ഞിന് ആദ്യക്ഷരം കുറിച്ചുകൊടുക്കാൻ. ആചാര്യൻ കിഴക്കോട്ടോ വടക്കോട്ടോ തിരിഞ്ഞിരുന്ന്, നിലവിളക്കിനുമുന്നിൽ കുഞ്ഞിനെ മടിയിലിരുത്തി സ്വർണംകൊണ്ട് നാവിൽ 'ഓം' എന്നെഴുതുന്നു. പിന്നെ തളികയിൽ വെവ്വേറെ വെച്ചിട്ടുള്ള അരിയിലും (അരി മാത്രമോ അല്ലെങ്കിൽ നെല്ലും ചേർന്ന അക്ഷതമോ)മണലിലും കുഞ്ഞിന്റെ വലതുകൈപിടിച്ച് മോതിരവിരൽകൊണ്ട് 'ഹരിഃശ്രീ ഗം ഗണപതയേ നമഃ അവിഘ്‌നമസ്തു ശ്രീ ഗുരുഭ്യോ നമഃ' എന്ന് എഴുതിക്കും.

ഹരി ജ്ഞാനമായി ഉള്ളിൽ വിളങ്ങേണ്ട ഈശ്വരനാണ്. ശ്രീ ഐശ്വര്യവും. വിദ്യാഭ്യാസത്തിൽ തടസ്സങ്ങളുണ്ടാകാതിരിക്കാൻ ഗണപതിയെയും നമിക്കുന്നു. ഇതാണ് ഈ മന്ത്രത്തിന്റെ പ്രാർഥന. ഇതേ ചടങ്ങ് കൂടുതൽ വിശദമായും ഇതിൽനിന്ന് വ്യത്യാസങ്ങളോടെയും ചെയ്യുന്നവരുണ്ട്. ചിലർ മന്ത്രത്തിൽ സരസ്വതിയെക്കൂടി നമിക്കും.

അറിവ് അന്നമാകണമെന്ന വിശ്വാസമാണ് അരിയിലെഴുതിക്കുന്നതിനുപിന്നിൽ. എഴുതിച്ച അരികൊണ്ട് കുഞ്ഞിന് ചോറുവെച്ചുകൊടുക്കുന്ന പതിവുമുണ്ട്. നമ്മുടെ നിലനില്പിന് ആധാരമായ മണ്ണി​െൻറ പ്രാധാന്യം എടുത്തുകാണിക്കുകയാണ് മണലിലെഴുതുന്നതിലൂടെ. അറിവ് നിലനിർത്തുന്നതിന്റെ പ്രാധാന്യവും സൂചിപ്പിക്കുന്നു മണലിലെഴുത്ത്.

വിശ്വാസമനുസരിച്ച് മൂന്ന്, അഞ്ച് വയസ്സുകളാണ് എഴുത്തിനിരുത്താനുള്ള പ്രായം. രണ്ടുവയസ്സിനുശേഷം വാക്ക് ഉച്ചരിക്കാൻ ശേഷിയായാൽ എഴുത്തിനിരുത്താറുണ്ട്.

മഹിഷനെ തോൽപ്പിച്ച ദുർഗ

അസുരരാജാവായ രംഭന് എരുമയിൽ(മഹിഷം) ഉണ്ടായ മകനാണു മഹിഷാസുരൻ. ഒരിക്കൽ മഹിഷാസുരൻ കഠിനമായ തപസ്സുചെയ്ത് ബ്രഹ്മാവിൽനിന്ന് നരനും ദേവനും തന്നെ കൊല്ലാനാകില്ലെന്ന വരം നേടി. അതനുസരിച്ച് മഹിഷനെകൊല്ലാൻ സ്ത്രീക്കുമാത്രമേ കഴിയൂ.

വരത്തിന്റെ ബലത്തിൽ അഹങ്കരിച്ച മഹിഷൻ മൂന്നുലോകവും ആക്രമിച്ചുകീഴടക്കി. ദേവന്മാർ മഹാവിഷ്ണുവിനെ സമീപിച്ചു. വിഷ്ണുവും ശിവനും ബ്രഹ്മാവും മറ്റുസകലദേവതമാരും ചേർന്ന് അവരുടെയെല്ലാം ശക്തിചൈതന്യങ്ങൾ ഒത്തുചേർന്ന ഒരു ദേവതയെ സൃഷ്ടിച്ചു. അതാണ് ദുർഗാദേവി.

തുടർന്നുനടന്ന യുദ്ധത്തിൽ വിഷ്ണുചക്രംകൊണ്ട് ദേവി മഹിഷനെ കൊന്നു. ദുർഗ മഹിഷനുമേൽ വിജയംനേടിയ ഈ ദിവസമാണു വിജയദശമി. ദേവി വിജയം നേടിയ നാളിൽ വിദ്യ ആരംഭിച്ചാൽ വിദ്യയിൽ വിജയം നേടാനാകുമെന്നാണ് വിശ്വാസം. അതുകൊണ്ടാണ് വിജയദശമിനാളിൽ വിദ്യാരംഭംം കുറിക്കുന്നത്. അജ്ഞാനത്തിനുമേൽ ജ്ഞാനം നേടുന്ന വിജയത്തിന്റെ പ്രതീകവുമാണ് ഈ കഥ.