തിരുനാവായ

: സർക്കാർ ഉടമസ്ഥതയിൽ 50 സെന്റ് സ്ഥലം വെറുതേ കിടക്കുന്പോഴും കെട്ടിട വാടകയിനത്തിൽ ഒരുലക്ഷത്തിൽപ്പരം രൂപ ഓരോവർഷവും നഷ്ടമാകുന്നു.

തിരുനാവായ പഞ്ചായത്തിലെ സർക്കാർ സ്ഥാപനങ്ങൾ പലതും വാടകക്കെട്ടിടത്തിൽ പ്രവർത്തിക്കുന്നതിനാലാണിത്.

കൃഷിഭവൻ ഓഫീസ്, ആയുർവേദ, ഹോമിയോ ഡിസ്പെൻസറികൾ എന്നിവ ഇപ്പോഴും വാടകക്കെട്ടിടത്തിലാണ്. അജിതപ്പടിയിലെ ഹോമിയോ ഡിസ്‌പെൻസറിയും കാരത്തൂരിലെ ആയുർവേദ ഡിസ്‌പെൻസറിയും തിരുനാവായ അങ്ങാടിക്കു സമീപത്തെ കൃഷിഭവനും പ്രവർത്തിക്കുന്നത് വാടകക്കെട്ടിടത്തിലെ പരിമിതികളിലാണ്. ജീവനക്കാർക്കുതന്നെ മതിയായ സൗകര്യങ്ങളില്ല. മൂന്നു കെട്ടിടങ്ങളിലും അടിസ്ഥാന സൗകര്യത്തിന്റെ കുറവുകളുമുണ്ട്. ഇടുങ്ങിയ മുറിയിൽ സ്ഥിതിചെയ്യുന്ന തിരുനാവായ കൃഷിഭവനിൽ കർഷകർക്കാവശ്യമായ വിത്ത്, വളം, തൈകൾ എന്നിവ വന്നാൽ വ്യക്തികളുടെ സ്ഥലമാണ് ആശ്രയിക്കുന്നത്. ഇവയ്ക്കെല്ലാംകൂടി തിരുനാവായ പഞ്ചായത്ത് ഓരോവർഷവും കൈമാറിയ വാടകത്തുക പരിഗണിച്ചാൽ സ്വന്തം കെട്ടിടനിർമാണമായിരുന്നു മെച്ചമെന്ന് ബോധ്യപ്പെടും.ഒരു കുടക്കീഴിലാക്കിയാൽ :പഞ്ചായത്തിന്റെ മധ്യഭാഗത്ത്, എടക്കുളം കുന്നുംപുറത്ത് തിരുനാവായ വില്ലേജ് ഓഫീസ് സ്ഥിതിചെയ്യുന്നിടത്തെ 50 സെന്റ് സ്ഥലം വിനിയോഗിച്ചാൽ ഇതിനൊക്കെ പരിഹാരമാകും.

ബ്രിട്ടീഷ് ഭരണകാലത്ത് അംശക്കച്ചേരിയായിയിരുന്ന കച്ചേരിപ്പറമ്പിൽ നിലവിലുണ്ടായിരുന്ന പഴയകെട്ടിടം പൊളിച്ചുമാറ്റി ഒരു മൂലയിൽ സ്ഥാപിച്ച വില്ലേജ് ഓഫീസ് കെട്ടിടം ഒഴിച്ചാൽ ബാക്കി സ്ഥലമെല്ലാം ഒഴിഞ്ഞുകിടക്കുകയാണ്.

ഇവിടെ മിനി സിവിൽസ്റ്റേഷൻ സമുച്ചയം വേണമെന്നത് ഏറെനാളത്തെ ആവശ്യമാണ്.നാട്ടുകാർക്ക് ഉപകാരപ്പെടുംതിരുനാവായ പഞ്ചായത്തിലെ എടക്കുളത്ത് പ്രധാന സർക്കാർ ഓഫീസുകൾ ഏകീകരിക്കുകയാണെങ്കിൽ ജനങ്ങൾക്ക് വളരെ ഉപകാരപ്രദമാകും.

രവീന്ദ്രനാഥ് വൈരങ്കോട്

(സെക്രട്ടറി, നവജീവൻ നവ കലാകേന്ദ്രം)