വാഴയൂർ

: കൂട്ടുകാരെപ്പോലെ വീട്ടിലിരുന്ന് ടി.വി.യിൽ പാഠഭാഗങ്ങൾ കണ്ടും കേട്ടും പഠിക്കാൻ അശ്വിനും അഷിമയ്ക്കും അതിയായ ആഗ്രഹമുണ്ട്. പക്ഷേ. വൈദ്യുതി എത്തിനോക്കാത്ത വീട്ടിൽ അത് സ്വപ്‌നം മാത്രമാണ്.

മുണ്ടകാശ്ശേരി മേൽവെളിച്ചത്തിൽ രാജന്റെ മക്കളായ മൂന്നാം ക്ലാസുകാരിയായ അഷിമയ്ക്കും എട്ടാം ക്ലാസുകാരനായ അശ്വിനുമാണ് പഠനം വീട്ടിലായപ്പോൾ ദുരിതം ഇരട്ടിയായത്. അച്ഛന്റെ പഴയ ഫോൺ ആണ് ഇരുവരുടെയും പഠനത്തിന് ഏക ആശ്രയം. അടുത്ത വീടുകളിൽനിന്ന് ചാർജ് ചെയ്തുകൊണ്ടുവരുന്ന എമർജൻസി ലൈറ്റും ചെറിയ സോളാർലൈറ്റുമാണ് രാജന്റെ വീട്ടിൽ ഇരുളകറ്റുന്നത്. രാത്രി എമർജൻസിയുടെ മങ്ങിയ വെളിച്ചത്തിൽ പഠനം നടക്കില്ല. അതുകൊണ്ട് പകൽ മാത്രമാണ് കുട്ടികൾ പഠിക്കുന്നത്. ഫോൺചാർജ് ചെയ്യുകയെന്നതുപോലും ഈ കുടുംബത്തിന് വലിയവെല്ലുവിളിയാണ്. അടുത്ത വീട്ടിലോ രാജൻ പണിയിടങ്ങളിൽ കൊണ്ടുപോയോ ആണ് ഫോൺചാർജ് ചെയ്യുന്നത്.

സ്വന്തമായി വാങ്ങിയ അഞ്ചുസെന്റിൽ നാലുവർഷം മുൻപാണ് രാജൻ താമസംതുടങ്ങിയത്. കൊണ്ടോട്ടി ബ്ലോക്ക് പഞ്ചായത്തിൽനിന്നുള്ള സഹായത്തോടെ നിർമിച്ച വീട് 1000 ചതുരശ്രയടിയിൽ കുറവാണെങ്കിലും എസ്.സി. വിഭാഗക്കാരനായ രാജന്റെ റേഷൻകാർഡ് ദാരിദ്ര്യരേഖയ്ക്കു മുകളിലുള്ളതാണ്. ഇതോടെ പല സർക്കാർ ആനുകൂല്യങ്ങളും മുടങ്ങി. തൊട്ടരികിൽ ത്രീ ഫേസ് വൈദ്യുതിത്തൂണുണ്ടെങ്കിലും രാജന്റെ വീട്ടിലേക്ക് ലൈൻ കൊണ്ടുപോകാൻ കഴിഞ്ഞിട്ടില്ല. വീടിന്റെ പിറകുവശത്തിലൂടെ വൈദ്യുതി എത്തിക്കുന്നതിന് മൂന്ന്- നാല് തൂണുകൾ നാട്ടണം. ദാരിദ്ര്യരേഖയുടെ മുകളിലായതിനാൽ കെ.എസ്.ഇ.ബി. സൗജന്യമായി വൈദ്യുതി എത്തിക്കില്ല. വൻതുക നൽകി വൈദ്യുതി എത്തിക്കാനുള്ള സ്ഥിതിയിലുമല്ല ഈ കുടുംബം.

അഷിമ പഠിക്കുന്ന ഇയ്യത്തിങ്ങൽ സ്‌കൂൾ പി.ടി.എ.യും മാനേജ്‌മെന്റും ഈ കുടുംബത്തിന് വൈദ്യുതി എത്തിക്കുന്നതിനും കുട്ടികളുടെ പഠനം സുഗമമാക്കുന്നതിനും ശ്രമങ്ങൾ തുടരുകയാണ്.