ഒതുക്കുങ്ങൽ : കാലാവധി കഴിയാറായ തുരുമ്പെടുത്ത ഓട്ടോറിക്ഷയ്ക്ക് പകരം ഹംസയ്ക്ക് ഇനി യൂസഫലി നൽകിയ പുത്തൻ ഓട്ടോറിക്ഷയിൽ ജീവിതം മുന്നോട്ട് നയിക്കാം. വാക്കുപറഞ്ഞ അദ്ദേഹം ദിവസങ്ങൾക്കുള്ളിൽ ഹംസയ്ക്ക് പുതിയ ഒാട്ടോ സമ്മാനിച്ചു.

ഉപജീവനത്തിനായി തനിക്ക് പുതിയ ഓട്ടോറിക്ഷ സമ്മാനിച്ച ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലിയോട് നന്ദി പറയുകയാണ് ഒതുക്കുങ്ങൽ മറ്റത്തൂർ സ്വദേശിയായ ഹംസയും കുടുംബവും. യൂസഫലിയെ കാത്ത് റോഡരികിൽനിന്ന് കൈവീശി സലാം പറയുമ്പോൾ ഒരു നോക്ക് കണ്ട്, തന്റെ പ്രയാസങ്ങൾ പറയുക മാത്രമേ ഹംസ ഉദ്ദേശിച്ചിരുന്നുള്ളൂ. എന്നാൽ വാഹനം നിർത്തി അടുത്തേക്ക് വിളിച്ച് എല്ലാം കേട്ടശേഷം ഒക്കെ ശരിയാക്കാമെന്ന് പറഞ്ഞപ്പോൾ ഇത്രവേഗം ഇത് പ്രതീക്ഷിച്ചിരുന്നില്ലെന്ന് ഹംസ പറഞ്ഞു. യൂസഫലിക്ക്‌ വേണ്ടി സെക്രട്ടറി ഇ.എ. ഹാരീസ്, നൗഫൽ കരീം എന്നിവർ ചേർന്ന് ഹംസയുടെ വീട്ടിലെത്തി വ്യാഴാഴ്ച ഓട്ടോറിക്ഷ കൈമാറി.